രണ്ട് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ മണിപ്പൂരിൽ വീണ്ടും സുരക്ഷാ സേനയ്‌ക്കുനേരേ ആക്രമണം. തൗബാൽ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിന് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ മൂന്ന് അതിർത്തിരക്ഷാ സേന ( BSF) ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.
കഴിഞ്ഞ ദിവസമായിരുന്നു മോറെ അതിർത്തിയിൽ സായുധ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് കമാൻഡോകൾ കൊല്ലപ്പെട്ടത്. തൗബാലിൽനിന്ന് 100 കിലോമീറ്ററിൽ താഴെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മോറെ.
തൗബാലിലെ ഖാൻഗാബോക്ക് ഏരിയയിലെ തേർഡ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ സമുച്ചയമാണ് ജനക്കൂട്ടം ആദ്യം ലക്ഷ്യമിട്ടത്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ കുറവായിരുന്നെങ്കിലും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിഞ്ഞു. തുടർന്നാണ് തൗബാൽ പോലീസ് ആസ്ഥാനം ആക്രമിക്കുന്നത്. പോലീസ് ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്ന സായുധരായ അക്രമകാരികൾ സ്റ്റേഷനുനേരെ വെടിവയ്ക്കുകയായിരുന്നു. കോൺസ്റ്റബിൾ ഗൗരവ് കുമാർ, എ എസ് ഐമാരായ ശോഭം സിങ്, റാംജി എന്നിവർക്കാണ് പരുക്കേറ്റതെന്ന് മണിപ്പൂർ പോലീസ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
മോറെയിലെ ആക്രമണത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. പരുക്കേറ്റ ബിഎസ്എഫ് ജവാൻമാരെ ഇംഫാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനികൻ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, ഏഴുദിവസത്തേക്കെങ്കിലും ഹെലികോപ്ടറുകളോ വ്യോമയാന സഹായങ്ങളോ ഇംഫാലിൽ സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
mob attacked police station in Manipur