
അഹമ്മദാബാദിലെ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ മുസ്ലിങ്ങളായ വിദേശ വിദ്യാർഥികൾക്ക് നേരെ ആക്രമണം. ശനിയാഴ്ച രാത്രി ക്യാമ്പസ് ഹോസ്റ്റലിൽ നിസ്‌കാരത്തിനിടെയാണ് വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അഞ്ച് വിദ്യാർഥികളെ സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹാറൂൺ ജബ്ബാർ, തുർക്ക്മെനിസ്ഥാൻ സ്വദേശി ആസാദ്, ശ്രീലങ്കയിൽ നിന്നുള്ള ക്രിസ്ത്യൻ വിദ്യാർത്ഥി മരിയോ എന്നിവർക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ടുപേർക്കുമാണ് പരുക്കേറ്റത്.
മുസ്ലിം മതവിശ്വാസികൾ നോമ്പുകാലത്ത് മാത്രം നടത്തുന്ന പ്രത്യേക നമസ്‌കാരമാണ് ‘തറാവീഹ്’. അത് നടക്കുന്നതിനിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും ജയ് ശ്രീ രാമും മുഴക്കി ഒരുസംഘം ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയായിരുന്നെന്നു വിദ്യാർഥികൾ പറഞ്ഞു. ആൾക്കൂട്ടത്തിന്റെ കയ്യിൽ കത്തി, ക്രിക്കറ്റ് ബാറ്റുകൾ, കല്ല് തുടങ്ങിയ ആയുധങ്ങളും ഉണ്ടായിരുന്നു. പോലീസ് പെട്ടെന്നുതന്നെ സംഭവസ്ഥലെത്തിയെങ്കിലും ഗുണ്ടകൾക്ക് ആക്രമണം നടത്താൻ അവസരമൊരുക്കുകയായിരുന്നു എന്നും മർദനമേറ്റ വിദ്യാർഥികൾ പറയുന്നു.
യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലോ ഹോസ്റ്റൽ പരിസരത്തോ പള്ളികളില്ലാത്തതിനാൽ കൃത്യസമയത്ത് പ്രാർത്ഥന നടത്താൻ തങ്ങൾ കണ്ടെത്തിയ താൽക്കാലിക പരിഹാരമായിരുന്നു ഹോസ്റ്റൽ ഗ്രൗണ്ടിൽ ഒത്തുകൂടുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.
കാവി ഷാൾ ധരിച്ചെത്തിയ ആൾക്കൂട്ടത്തെ തടയാൻ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഹോസ്റ്റലിൽ പ്രാർഥന നടത്തിയതിനെ ചോദ്യം ചെയ്ത ശേഷം മർദിക്കാൻ ആരംഭിക്കുകയായിരുന്നു. ക്യാമ്പസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചെങ്കിലും തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നുവെന്ന് വിദ്യാർഥികൾ അറിയിച്ചു.
Mob Attacks Foreign Students Over Namaz In Gujarat