
ന്യൂഡൽഹി: തൊഴിലവസരങ്ങളും വിലക്കയറ്റവും സംബന്ധിച്ച് പ്രതിപക്ഷത്തിൻ്റെ കടുത്ത ചോദ്യങ്ങൾക്കം വിമർശനങ്ങൾക്കുമിടയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കും. 2025 സാമ്പത്തിക വർഷത്തിൽ 6.5-7 ശതമാനം വളർച്ചയാണ് ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ പ്രവചിക്കുന്നത്.
നിർമല സീതാരാമൻ തൻ്റെ ഏഴാമത്തെ കേന്ദ്ര ബജറ്റ് അവതരണത്തിൽ, പുതിയ നിർമ്മാണ സൗകര്യങ്ങൾക്ക് നികുതി ഇളവുകൾ നൽകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മേഖലകളിലുടനീളം പ്രാദേശിക സംഭരണത്തെ പ്രോത്സാഹിപ്പിക്കാനും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതിനും സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തിൽ തിരിച്ചെത്തുന്നതിനുമുള്ള പ്രധാന കാരണമായി തൊഴിൽ അവസരങ്ങളിലുള്ള അതൃപ്തി കണക്കാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബജറ്റിൽ മധ്യവർഗത്തിന് ഒന്നും ലഭിച്ചിരുന്നില്ല. അതിനാൽ ഇടത്തരക്കാർക്കുള്ള നികുതി ഇളവ് പ്രഖ്യാപിക്കുമോ എന്നത് ബജറ്റ് പ്രഖ്യാപനത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാകും.
നടപ്പ് സാമ്പത്തികവർഷം ഇന്ത്യ 6.5നും ഏഴ് ശതമാനത്തിനുമിടയിൽ വളർച്ച കൈവരിക്കുമെന്നാണ് സാമ്പത്തിക സർവേ പറയുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിനു മുന്നോടിയായാണ് സാമ്പത്തിക സർവേ തയ്യാറാക്കിയത്. ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലും 2023-24 സാമ്പത്തിക വർഷം രാജ്യം മികച്ച നിലയിലായിരുന്നു. ചരക്കുകളുടേയും സേവനങ്ങളുടേയും കയറ്റുമതിയിൽ ഈ വർഷം ഉയർച്ചയുണ്ടാകുമെന്നും സർവേയിൽ പറയുന്നുണ്ട്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള സാമ്പത്തിക വർഷത്തേതിന് അടുത്താണ് നിലവിലെ ജിഡിപി.
ഈ വർഷം 7.2 ശതമാനം വളർച്ച നേടാനാകുമെന്നാണ് റിസർവ് ബാങ്ക് നേരത്തെ അഭിപ്രായപ്പെട്ടത്. മുൻ സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വളർച്ചയായ 8.2 ശതമാനത്തേക്കാൾ കുറവാണ് നടപ്പ് സാമ്പത്തിക വർഷത്തേക്ക് സാമ്പത്തിക സർവേ പ്രവചിക്കുന്നത്. അതേസമയം, ഐഎംഎഫ്, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ കണക്കാക്കുന്ന ഏഴ് ശതമാനം വളർച്ച എന്ന കണക്കിനോട് ചേർന്നുനിൽക്കുന്നതാണ് സർവേ ചൂണ്ടിക്കാട്ടുന്ന കണക്ക്. പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ജലലഭ്യതയും കൃഷിനാശവും മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭക്ഷ്യവിലപ്പെരുപ്പം ഇരട്ടിയായി.