![](https://www.nrireporter.com/wp-content/uploads/2024/05/narendra-modi.jpg)
ന്യൂഡല്‍ഹി: ബംഗാളില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയസ്പര്‍ശിയായ നിമിഷം സമ്മാനിച്ച് രണ്ട് യുവാക്കള്‍. ഹൂഗ്ലിയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോദിയുടെ അമ്മ, അന്തരിച്ച ഹീരാബെനൊപ്പമുള്ള തന്റെ ഛായാചിത്രങ്ങള്‍ കൈവശം വച്ചിരിക്കുന്ന രണ്ട് പേര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്.
മാതൃദിനത്തില്‍ പ്രധാനമന്ത്രി അവരുടെ പ്രയത്നങ്ങളെ അംഗീകരിക്കുകയും മാതൃദിനം അടയാളപ്പെടുത്തുന്ന സമ്മാനം മോദിയെ സന്തോഷിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട മോദി, ‘രണ്ട് ഛായാചിത്രങ്ങള്‍ ഉണ്ടാക്കിയ രണ്ടുപേര്‍ ഇവിടെയുണ്ട്. സ്‌കെച്ചുകള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ നില്‍ക്കുകയാണ്. നിങ്ങളുടെ കൈകള്‍ വേദനിക്കും, സഹോദരന്മാരേ” എന്നു പറഞ്ഞ് അവരെ പ്രോത്സാഹിപ്പിച്ചു. മാത്രമല്ല, അവര്‍ കഷ്ടപ്പെട്ട് വരച്ചുകൊണ്ടുവന്ന അമ്മയുടെ ഛായാചിത്രം വാങ്ങാന്‍ അദ്ദേഹം സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) കമാന്‍ഡോകളോട് അഭ്യര്‍ത്ഥിച്ചു. ‘നിങ്ങള്‍ പോര്‍ട്രെയ്റ്റുകളുടെ പുറകില്‍ നിങ്ങളുടെ പേരും വിലാസവും എഴുതുക. ഞാന്‍ നിങ്ങള്‍ക്ക് തിരികെ എഴുതാം. നിങ്ങള്‍ രണ്ടുപേര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.
‘പാശ്ചാത്യ ജനത ഈ ദിവസം മാതൃദിനമായി ആഘോഷിക്കുന്നു’, എന്നാല്‍ ഇന്ത്യയില്‍ ‘ഞങ്ങള്‍ വര്‍ഷത്തില്‍ 365 ദിവസവും ഞങ്ങളുടെ അമ്മ, മാ ദുര്‍ഗ, മാ കാളി, ഭാരത മാതാവ് എന്നിവരെ ആരാധിക്കുന്നു’ എന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആദ്യത്തെ ഫോട്ടോയില്‍ അമ്മയുടെ മടിയില്‍ കൈവെച്ച് തറയില്‍ ഇരിക്കുന്ന പ്രധാനമന്ത്രിയും. രണ്ടാമത്തെ ഫോട്ടോയില്‍ ഹീരാബെന്‍ മകന്റെ തോളില്‍ കൈവെച്ച് ഇരിക്കുന്നതായുമാണുള്ളത്. പ്രധാനമന്ത്രി മോദിയുടെ അമ്മ 2023 ഡിസംബര്‍ 30 ന് 99ാം വയസ്സില്‍ അഹമ്മദാബാദില്‍ വെച്ചാണ് അന്തരിച്ചത്.