ന്യൂഡല്‍ഹി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘര്‍ഷങ്ങള്‍ ആഗോള ദക്ഷിണേന്ത്യയിലെ രാജ്യങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുറേഷ്യയിലും പശ്ചിമേഷ്യയിലും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും മോദി വെള്ളിയാഴ്ച ആഹ്വാനം ചെയ്തു.
ത്രിദിന സന്ദര്‍ശനത്തിനായി യുറേഷ്യയിലെത്തിയ മോദി ലാവോസില്‍ നടക്കുന്ന 19-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍ നിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമാധാനം പുലരേണ്ടതിന്റെയും പുരോഗതിയുടെ പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു. ദക്ഷിണ ചൈനാ കടലിന്റെ സമാധാനവും സുരക്ഷയും സുസ്ഥിരതയും മുഴുവന്‍ ഇന്തോ-പസഫിക് മേഖലയുടെയും താല്‍പ്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
”ഞാന്‍ ബുദ്ധന്റെ നാട്ടില്‍ നിന്നാണ് വരുന്നത്, ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍ നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
”പരമാധികാരം, പ്രാദേശിക സമഗ്രത, അന്താരാഷ്ട്ര നിയമങ്ങള്‍ എന്നിവയെ മാനിക്കേണ്ടത് ആവശ്യമാണ്. മാനുഷിക സമീപനത്തിനും സംഭാഷണത്തിനും നയതന്ത്രത്തിനും മുന്‍ഗണന നല്‍കേണ്ടതുണ്ട്,”പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉക്രെയ്നും റഷ്യയും തമ്മിലുള്ള സംഘര്‍ഷത്തിനും പശ്ചിമേഷ്യയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനും ഇടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.