ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ സ്വീകരണം. അയല്‍പക്ക രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദി ഭൂട്ടാനിലെത്തിയത്.
പാരോ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മോദിയെ ചുവപ്പ് പരവതാനി വിരിച്ചാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ സ്വീകരിച്ചത്. മാത്രമല്ല, മോദിക്ക് ഭൂട്ടാന്റെ ആചാരപരമായ സ്വീകരണവും നല്‍കി.
പാരോ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ തിംഫു വരെയുള്ള 45 കിലോമീറ്റര്‍ വഴി ഇന്ത്യന്‍, ഭൂട്ടാന്‍ പതാകകളാല്‍ അലങ്കരിച്ചിരുന്നു. ഈ വഴിയില്‍ ഭൂട്ടാന്‍ ജനതകൂടി അണിനിരന്നതോടെ പ്രധാനമന്ത്രി മോദിക്ക് ഏറ്റവും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
സന്ദര്‍ശന വേളയില്‍ ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചക്, ഭൂട്ടാന്റെ നാലാമത്തെ രാജാവ് ജിഗ്മേ സിങ്യേ വാങ്ചുക്ക് എന്നിവരോടൊപ്പം പ്രധാനമന്ത്രി മോദി വേദി പങ്കിടും. മാത്രമല്ല, ഭൂട്ടാന്‍ പ്രധാനമന്ത്രിയുമായും അദ്ദേഹം ചര്‍ച്ച നടത്തും.
‘ഭൂട്ടാന്‍ മേ ആപ്കാ സ്വാഗത് ഹേ മേരേ ബഡേ ഭായ് നരേന്ദ്രമോദി ജി.’ എന്നാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്ത് എക്‌സില്‍ ഹിന്ദിയില്‍ എഴുതിയത്.
ഭൂട്ടാന്‍ പ്രധാനമന്ത്രി ടോബ്ഗെ കഴിഞ്ഞ ആഴ്ച അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയിരുന്നു, ജനുവരിയില്‍ ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്. ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ ആസ്ഥാനവും പരമ്പരാഗത ബുദ്ധവിഹാരവുമായ തഷിചോ ദ്‌സോങ്ങില്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. തിംഫുവില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച അത്യാധുനിക ആശുപത്രിയും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് 21 നും 22 നും ഇടയില്‍ നടത്താനിരുന്ന സന്ദര്‍ശനം ഭൂട്ടാനിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഇതാണ് ഇന്ന് സാധ്യമായത്.