ബ്രൂണെയിലെ ആദ്യ ചുവടു ചരിത്രമാക്കി മോദി; 7000 കാറുകള്‍ക്കുടമയായ, സ്വര്‍ണംപൂശിയ കൊട്ടാരമുള്ള സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയുടെ അതിഥി !

ചരിത്രത്തിലേക്ക് ചുവടുവെച്ച് ബ്രൂണയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരുന്നത് അത്യാഢംബര സ്വീകരണം. കോടീശ്വരനായ ഭരണാധികാരി ബ്രൂണെയിലെ സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയുടെ വസതിയായ ‘ഇസ്താന നൂറുല്‍ ഇമാന്‍’ എന്ന കൊട്ടാരത്തിലാണ് മോദിയെ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പാര്‍പ്പിട കൊട്ടാരമെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ‘ഇസ്താന നൂറുല്‍ ഇമാന്‍’ നേടിയിട്ടുണ്ട്. രണ്ട് ദശലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന കൊട്ടാരം 22 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. അഞ്ച് നീന്തല്‍ക്കുളങ്ങളും 1,700 കിടപ്പുമുറികളും 257 കുളിമുറികളും 110 ഗാരേജുകള്‍ എന്നിവയും കൊട്ടാരത്തിലുണ്ട്.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ബ്രൂണെയിലെത്തുന്നത് എന്ന പ്രത്യേകതയും മോദിയുടെ സന്ദര്‍ശനത്തിനുണ്ട്. ചരിത്രം കുറിച്ചാണ് മോദിയുടെ ബ്രൂണെയിലെ ആദ്യ ചുവടുപോലും എന്ന് സാരം. പ്രധാനമന്ത്രി മോദി ബ്രൂണെ സന്ദര്‍ശിക്കുമ്പോള്‍, ഇതുവരെ അദ്ദേഹം തന്റെ ഭരണകാലത്ത് സന്ദര്‍ശിച്ച ഏതൊരു രാഷ്ട്രത്തലവന്റെ വസതിയെക്കാളും വ്യത്യസ്ത അനുഭവമാകും ഈ കൊട്ടാരം സമ്മാനിക്കുക.

സിക്കിം, ത്രിപുര തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറുതാണ് ബോര്‍ണിയോ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ബ്രൂണെ. എന്നാല്‍ സുല്‍ത്താന്റെ അപാരമായ സമ്പത്തും ആഡംബര ജീവിതവും ബ്രൂണെയെ ലോകശ്രദ്ധയിലേക്ക് വഴി തെളിച്ചു. പ്രധാനമായും ബ്രൂണെയുടെ എണ്ണ, വാതക ശേഖരത്തില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്. 30 ബംഗാള്‍ കടുവകളെയും വിവിധയിനം പക്ഷികളെയും പാര്‍പ്പിക്കുന്ന സ്വകാര്യ മൃഗശാലയും ബോയിംഗ് 747 വിമാനവും സുല്‍ത്താന് സ്വന്തമായുണ്ട്. ‘പറക്കുന്ന കൊട്ടാരം’ എന്ന് വിളിപ്പേരുള്ള സ്വര്‍ണ്ണം പൂശിയ ബോയിംഗ് 747-400 ആണ് അദ്ദേഹത്തിന്റെ വിലയേറിയ ഒരു സ്വത്ത്. റിപ്പോര്‍ട്ട് പ്രകാരം വിമാനത്തിന്റെ ഇന്റീരിയര്‍ സ്വര്‍ണ്ണത്തില്‍ അലങ്കരിച്ചിരിക്കുന്നു.

യുകെയിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ രാജാവാണ് ബോള്‍കിയ. 30 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.

മാത്രമല്ല, സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയുടെ കൈവശമാണ് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരമുള്ളത്. 500 കോടി ഡോളര്‍ മൂല്യം വരുന്നതാണ് അദ്ദേഹത്തിന്റെ കാര്‍ ശേഖരം. കാറുകളുടെ ശേഖരത്തില്‍ ഗിന്നസ് റെക്കോര്‍ഡിനുടമയാണ് സുല്‍ത്താന്‍. 600 ഓളം റോള്‍സ് റോയ്സ് കാറുകളും 450 ഫെരാരി, 380 ബെന്റ്‌ലി, പോര്‍ഷെ, ലംബോര്‍ഗിനി, മെയ്ബാക്ക്, ജാഗ്വാര്‍, ബിഎംഡബ്ല്യു, മക്ലാരന്‍സ് എന്നീ കാറുകളും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്.

ഏകദേശം 80 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബെന്റ്ലി ഡോമിനാര്‍ എസ്യുവി, ഹൊറൈസണ്‍ ബ്ലൂ പെയിന്റ് ഉള്ള ഒരു പോര്‍ഷെ 911, X88 പവര്‍ പാക്കേജ്, 24 കാരറ്റ് സ്വര്‍ണം പൂശിയ റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍ II എന്നിവയാണ് ഹസ്സനല്‍ ബോള്‍കിയയുടെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങള്‍.

സുല്‍ത്താന്റെ ഇഷ്ടത്തിനനുസരിച്ച് രൂപകല്‍പ്പന ചെയ്ത സ്വര്‍ണ സണ്‍റൂഫുള്ള റോള്‍സ് റോയ്സാണ് ഏറ്റവും വലിയ ആകര്‍ഷണം. 2007-ല്‍ തന്റെ മകള്‍ മജീദ രാജകുമാരിയുടെ വിവാഹത്തിനായാണ് ഈ കാര്‍ അദ്ദേഹം സ്വന്തമാക്കിയത്. 1990കളില്‍ ലോകത്ത് വിറ്റ റോള്‍സ് റോയ്സ് കാറിന്റെ പകുതി എണ്ണവും വാങ്ങിയത് സുല്‍ത്താനും കുടുംബവുമാണ്.

ദി ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബോള്‍കിയ തന്റെ സൗന്ദര്യവര്‍ദ്ധക ആവശ്യങ്ങള്‍ക്കായി ഒരു ബാര്‍ബറെ ലണ്ടനില്‍ നിന്ന് ബ്രൂണെയിലേക്ക് എത്തിക്കാന്‍ പതിവായി 20,000 ഡോളര്‍ ചെലവഴിക്കുന്നു. കുതിരകളോട് പ്രിയമുള്ള സുല്‍ത്താന്‍ പ്രത്യേക എയര്‍ കണ്ടീഷന്‍ഡ് കുതിരാലയമാണ് അവയ്ക്കായി നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രൂണെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രൂണെയില്‍ നിന്നും സിങ്കപ്പൂരിലേക്ക് പോകും.

More Stories from this section

family-dental
witywide