
കീവ്: ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രെയിനിലെത്തും. പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെയാണ് മോദി യുക്രെയിന്‍ തലസ്ഥാനമായ കീവിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം തിരിച്ചത്. പോളണ്ടിലെ അതിര്‍ത്തി നഗരമായ ഷെംഷോവില്‍ നിന്നാണ് മോദി യാത്ര തുടങ്ങിയത്.
യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ചരിത്ര സന്ദര്‍ശനത്തിലേക്കാണ് ചുവടുവയ്ക്കുന്നത്. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയിന്‍ സന്ദര്‍ശിക്കുന്നത്. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈന്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറെയാണ്. റഷ്യ – യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ പോളണ്ടില്‍ വ്യക്തമാക്കിയിരുന്നു.
ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയായി വര്‍ത്തിക്കുമെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തവും ഊര്‍ജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം റഷ്യ സന്ദര്‍ശിച്ച മോദിയുടെ നീക്കം യുക്രെയിനിനെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ യാത്ര. യുക്രെയിനിലെ നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പാണ് നരേന്ദ്ര മോദി കീവില്‍ എത്തുന്നത്.