ചൈന-റഷ്യ ബന്ധം അരക്കിട്ടുറപ്പിക്കാനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച റഷ്യയിലേക്ക്. റഷ്യയിലെത്തുന്ന മോദി പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തും. 2022 ലെ യുക്രെയിൻ അധിനിവേശത്തിനു ശേഷമുള്ള ആദ്യ സന്ദർശനമാണിത്. ജൂലൈ 8-9 തീയതികളിലാണ് പ്രധാനമന്ത്രി മോസ്കോയിൽ എത്തുക. അതിന് ശേഷം അദ്ദേഹം രണ്ട് ദിവസത്തെ സന്ദർശനത്തിനായി വിയന്നയിലേക്ക് പോകും.
പുടിൻ ചൈനീസ് നേതാവ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കിയിരുന്നു. അതിനാൽ റഷ്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടത് നിലവിൽ ഇന്ത്യയുടെ കൂടി ആവശ്യമാണ്. അതേസമയം അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകളും ഒരു വശത്തു നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കയും റഷ്യയുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
മൂന്നാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദി മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തൻ്റെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് റഷ്യയെയാണ് തിരഞ്ഞെടുത്തത്. കൂടിക്കാഴ്ചയിൽ ഇരു രാജ്യത്തെയും സൈന്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാർ, ഫിഫ്ത് ജനറേഷൻ ഫൈറ്റർ എയർക്രാഫ്റ്റുകൾ, ആണവോർജ്ജ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, യുക്രെയിൻ വിഷയത്തോടെ റഷ്യയുമായി അകന്നിരിക്കുകയാണ് അമേരിക്ക. ഇന്ത്യ റഷ്യയോട് അടുക്കുന്നതിൽ അമേരിക്കയ്ക്ക് എതിർപ്പുണ്ടെങ്കിലും, ചൈനയ്ക്കെതിരായ ശക്തി എന്ന നിലയിൽ ഇന്ത്യയെ പിണക്കാനും യുഎസ് തയ്യാറാകില്ല. ഇന്ത്യ വിശ്വസ്ത സുഹൃത്താണെന്നും മുമ്പത്തെക്കാൾ കൂടുതൽ ദൃഢമാണ് ഇന്ത്യ-അമേരിക്ക ബന്ധമെന്നും യുഎസ് പലതവണ ആവർത്തിച്ചിട്ടുണ്ട്.