മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിൽ, ഇന്ത്യയുടെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് 100-ലധികം പ്രചാരണ പ്രസംഗങ്ങളിൽ നരേന്ദ്ര മോദി ഇസ്‌ലാമോഫോബിക് പരാമർശങ്ങൾ നടത്തിയതായി ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) റിപ്പോർട്ട് ചെയ്യുന്നു.
പ്രചാരണത്തിന്‍റെ ഭാഗമായി മോദി ആകെ 173 വേദികളിൽ സംസാരിച്ചതിൽ 110ഉം മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളായിരുന്നെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വീട് തകർക്കപ്പെടുന്ന, ശാരീരികമായി ആക്രമിക്കപ്പെടുന്ന, കൊലപാതകത്തിനിരയാകുന്ന ന്യൂനപക്ഷവിഭാഗങ്ങളിൽ മോദിയുടെ പ്രസംഗം വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ ഏഷ്യ ഡയറക്ടർ എലെയ്ൻ പിയേഴ്സൺ പറഞ്ഞു.
മുസ്‌ലിംകൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും ഇവ ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു.
മോദി ഹിന്ദുക്കൾക്കിടയിൽ നിരന്തരം ഭീതിയുയർത്താൻ ശ്രമിച്ചെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ വിശ്വാസങ്ങളും ആരാധനാലയങ്ങളും സമ്പത്തും ഭൂമിയും സ്ത്രീകളുടെ സുരക്ഷയും ഇല്ലാതാകുമെന്നും ഹിന്ദു സ്ത്രീകൾ മുസ്‌ലിംകളുടെ ഭീഷണിയിലാകുമെന്നും മോദി പ്രസംഗിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ സമ്പത്ത് തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്ന് മോദി പ്രസംഗിച്ചത് റിപ്പോർട്ടിൽ എടുത്തുപറയുന്നു.