ന്യൂയോര്‍ക്ക്: യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടിക്കാഴ്ചയില്‍ യുക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകതയും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാവരും അംഗീകരിക്കുന്നതായി മോദി വ്യക്തമാക്കി. ഈ വിഷയങ്ങളില്‍ ഇന്ത്യയുടെ ശ്രദ്ധയും സമാധാനത്തിനായി പ്രധാനമന്ത്രിയുടെ സമീപകാല ഉക്രെയ്ന്‍ സന്ദര്‍ശനത്തെയും സെലന്‍സ്‌കി അഭിനന്ദിച്ചു.
മൂന്ന് മാസത്തിനുള്ളില്‍ ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച യുക്രൈന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
സമാധാനം നിര്‍ദ്ദേശിച്ചുകൊണ്ട് സമാധാനത്തിന്റെ പാതയില്‍ മുന്നേറുന്നതിനെക്കുറിച്ചാണ് താന്‍ എപ്പോഴും സംസാരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും എങ്ങനെയെങ്കിലും വെടിനിര്‍ത്തല്‍ കരാറിലെത്തേണ്ടതുണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും ഇക്കാര്യത്തില്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുക്രൈന്‍ സന്ദര്‍ശനം മുതല്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍, യുഎസ് പ്രസിഡന്റ് ബൈഡന്‍ എന്നിവരുമായി പ്രധാനമന്ത്രി ബന്ധപ്പെട്ടിരുന്നതായി മിസ്രി പറഞ്ഞു.
അതേസമയം, റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മിസ്രി വ്യക്തമാക്കിയത്.