ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷം അദാനിക്കും അംബാനിക്കും എതിരെ സംസാരിച്ച കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം അവര്‍ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും അംബാനിയില്‍ നിന്നും അദാനിയില്‍ നിന്നും കോണ്‍ഗ്രസ് പണം വാങ്ങിയെന്നും ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
അദാനി-അംബാനി കമ്പനികളുമായി കോണ്‍ഗ്രസ് രഹസ്യഡീല്‍ ഉണ്ടാക്കിയോ എന്നും മോദി ചോദ്യം ഉന്നയിച്ചു. മാത്രമല്ല, അംബാനിയില്‍ നിന്നും അദാനിയില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ടെമ്പോ നിറച്ച് എത്ര പണം കിട്ടിയെന്നും മോദി പരിഹസിച്ചു. തെലങ്കാനയിലെ കരിംനഗഗറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി മോദിയുടെ ചോദ്യങ്ങള്‍ എത്തിയത്. വ്യവസായികളായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് നേതാവ് നിര്‍ത്തിയതെന്തെന്നായിരുന്നു മോദിയുടെ പ്രധാന ചോദ്യം.
Why has Shahzade Ji stopped talking of Ambani and Adani in this election all of sudden? People are smelling a secret deal… pic.twitter.com/y5A87E6dfi
— Narendra Modi (@narendramodi) May 8, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരെക്കാള്‍ വ്യവസായികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാണെന്ന് രാഹുല്‍ ഗാന്ധി മുമ്പ് കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല മോദി അദാനി ബന്ധത്തെക്കുറിച്ച് നിരന്തരം വിമര്‍ശനവും ഉന്നയിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയത്തിലേക്ക് നീങ്ങുകയാണെന്നും ഇന്ത്യയുടെ കഴിവ് കോണ്‍ഗ്രസ് തകര്‍ത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘നിങ്ങള്‍ എന്നോട് പറയൂ, കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നശിപ്പിച്ചോ ഇല്ലയോ? കൃഷിയും ടെക്സ്റ്റൈല്‍ മേഖലകളും കാലങ്ങളായി ഇന്ത്യയുടെ ശക്തിയായിരുന്നു, കോണ്‍ഗ്രസ് അവരെയും തകര്‍ത്തു. രാജ്യത്തെ എല്ലാ പ്രശ്നങ്ങളുടെയും മാതാവ് കോണ്‍ഗ്രസാണെന്നും’ അദ്ദേഹം ആരോപിച്ചു. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ഇന്ത്യന്‍ സഖ്യത്തിന്റെ മൂന്നാം ഫ്യൂസ് പൊട്ടിത്തെറിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസും ബിആര്‍എസും ചേര്‍ന്ന് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിന് ഹൈദരാബാദ് പാട്ടത്തിന് നല്‍കിയെന്നും ആരെങ്കിലും ആദ്യമായി എഐഎംഐഎമ്മിനെ വെല്ലുവിളിച്ചിട്ടുണ്ടെങ്കില്‍ അത് ബിജെപിയാണെന്നും അദ്ദേഹം വ്യക്തമാക്കി.