
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റില്‍ യുക്രെയ്ന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാനുള്ള ആഗോള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദര്‍ശനമെന്നും സൂചനയുണ്ട്. യുക്രെയ്‌നിന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 24 നായിരിക്കും സന്ദര്‍ശനമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ഒരു യുദ്ധമേഖലയില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണത കണക്കിലെടുത്ത് പോളണ്ടിലേക്കുള്ള ഒരു യാത്രയ്‌ക്കൊപ്പമായിരിക്കും യുക്രെയ്ന്‍ സന്ദര്‍ശനം നടത്താന്‍ പദ്ധതിയൊരുക്കുക. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവസാനമായി പോളണ്ട് സന്ദര്‍ശിച്ചത് 1979ലായിരുന്നു.
അതേസമയം, സന്ദര്‍ശനം സംബന്ധിച്ച് ഇന്ത്യന്‍, യുക്രേനിയന്‍ സര്‍ക്കാരുകള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരണം ഒന്നും നടത്തിയിട്ടില്ല. യാഥാര്‍ത്ഥ്യമായാല്‍, മോദിയുടെ ആദ്യ യുക്രെയ്ന്‍ സന്ദര്‍ശനമാകുമിത്. മാത്രമല്ല, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ പോളണ്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം യുക്രെയ്‌നിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
മോദി റഷ്യ സന്ദര്‍ശിച്ചപ്പോള്‍ കടുത്ത എതിര്‍പ്പായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുടെ ഭാഗത്തുനിന്നും ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലും മോദിയുടെ യാത്ര അതീവ ജാഗ്രതയും പ്രധാന്യവും അര്‍ഹിക്കുന്നുണ്ട്.