മോദി എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജനതാദള്‍ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാര്‍, ജെഡി(എസ്) എംപിയായി തിരഞ്ഞെടുക്കപ്പെട്ട എച്ച്ഡി കുമാരസ്വാമി, എന്‍ഡിഎയുടെ മറ്റ് നേതാക്കളും പാര്‍ലമെന്റിലെ പ്രധാന യോഗത്തില്‍ നരേന്ദ്ര മോദിയെ സഖ്യത്തിന്റെ നേതാവായി നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തെ പിന്തുണച്ചു.

‘അഞ്ച് വര്‍ഷമാണ് കാലാവധിയെന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും, ഈ സഖ്യം അഞ്ച് വര്‍ഷം വീതമുള്ള മൂന്ന് ടേം വിജയകരമായി കടന്നുപോയി. രാഷ്ട്രീയത്തില്‍ വിദഗ്ദ്ധരായവര്‍ മനസ്സ് തുറന്ന് ചിന്തിച്ചാല്‍, ഇത് എന്‍ഡിഎയില്‍ നിന്ന് അധികാരം നേടാനും ഭരണം നടത്താനും വേണ്ടിയുള്ള ചില പാര്‍ട്ടികളുടെ ഒത്തുചേരലല്ല, ഇത് രാഷ്ട്രം ആദ്യം എന്ന വികാരം എന്ന അടിസ്ഥാന ചിന്താഗതിയുള്ള ഗ്രൂപ്പാണ്. മുപ്പതു വര്‍ഷത്തെ നീണ്ട ഈ കാലയളവ് ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഒരു ജൈവ സഖ്യമാണ്. അടല്‍ ബിഹാരി വാജ്പേയി, ശ്രീ പ്രകാശ് സിംഗ് ബാദല്‍, ബാലാ സാഹിബ് താക്കറെ, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ ആദരണീയരായ ആളുകളാണ് ഈ മൂല്യങ്ങള്‍ വിതച്ചത്, ഇന്ത്യയിലെ ജനങ്ങള്‍ ആ വിത്ത് വിശ്വാസത്തോടെ നനച്ച് ആല്‍മരമാക്കി മാറ്റി’ എന്നും മോദി പ്രസംഗിച്ചു.

ഇന്ന് ആദ്യമായി കേരളത്തില്‍ നിന്നുള്ള നമ്മുടെ പ്രതിനിധി പാര്‍ലമെന്റില്‍ എത്തിയെന്ന് സുരേഷ് ഗോപിയുടെ മിന്നും വിജയം ചൂണ്ടിക്കാണിച്ച് മോദി സന്തോഷം പങ്കുവെച്ചു. തമിഴ്‌നാട്ടില്‍ ജയിക്കാനായില്ലെങ്കിലും വോട്ട് വിഹിതം കൂടിയെന്നും എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി വ്യക്തമാക്കി.

അതേസമയം, നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി ജൂണ്‍ 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി പറഞ്ഞു. യോഗത്തെ അഭിസംബോധന ചെയ്ത നിതീഷ് കുമാര്‍ മോദിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മോദിയുടെ എല്ലാ തീരുമാനങ്ങളിലും ഞങ്ങളെല്ലാം കൂടെ നില്‍ക്കുമെന്നും ബീഹാറില്‍ നിരവധി കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതിശയകരമായ ഭൂരിപക്ഷം നേടിയെന്നും പ്രചാരണത്തിനായി മൂന്ന് മാസമായി പ്രധാനമന്ത്രി മോദി രാവും പകലും വിശ്രമിച്ചിട്ടില്ലെന്നും യാഗത്തില്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. ലോക്സഭാ നേതാവായി നരേന്ദ്ര മോദിയുടെ പേര് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശിക്കുകയും അമിത് ഷാ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇത് തന്റെ ശബ്ദം മാത്രമല്ല, രാജ്യത്തെ 140 കോടി ജനങ്ങളുടെയും നിര്‍ദേശമാണെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രധാനമന്ത്രി മോദി രാജ്യത്തെ നയിക്കുമെന്ന രാജ്യത്തിന്റെ ശബ്ദമാണിതെന്നും അമിത് ഷാ വ്യക്തമാക്കി. പത്ത് വര്‍ഷം മുമ്പ് ഒരു ഉദാസീനമായ ഇന്ത്യ ഉണ്ടായിരുന്നു, ഇവിടെ ഒന്നും മാറാന്‍ പോകുന്നില്ലെന്ന് ഇന്ത്യയെക്കുറിച്ച് പറഞ്ഞു, എന്നാല്‍ 10 വര്‍ഷത്തിന് ശേഷം, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ മികച്ചതായി മാറിയിരിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

More Stories from this section

family-dental
witywide