മോദിയുടെ സത്യപ്രതിജ്ഞ നാളെ : 8000 പേര്‍ എത്തുന്ന ചടങ്ങ്, രാജ്യം അതീവ സുരക്ഷയില്‍

ന്യൂഡല്‍ഹി: നിറം മങ്ങിയ വിജയത്തില്‍ നിന്നും രാജ്യത്തിന്റെ അധികാര കസേരയിലേക്ക് എത്തുകയാണ് നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍. നാളെ വൈകിട്ട് 6 മണിക്കാണ് ചടങ്ങുകള്‍ നടക്കുക. അതേസമയം, മൂന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി അഞ്ച് കമ്പനി അര്‍ദ്ധസൈനിക സേനാംഗങ്ങള്‍, എന്‍എസ്ജി കമാന്‍ഡോകള്‍, ഡ്രോണുകള്‍, സ്നൈപ്പര്‍മാര്‍ എന്നിവരടങ്ങുന്ന ബഹുതല സുരക്ഷയാണ് രാഷ്ട്രപതി ഭവനില്‍ ഒരുക്കുകയെന്ന് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്‍) രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചതിനാല്‍ ദേശീയ തലസ്ഥാനം ഈ ദിവസം അതീവ ജാഗ്രതയില്‍ തുടരും.

ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ ചടങ്ങിന്റെ ഭാഗമാകും. 8000 പേര്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പാരാ-ഗ്ലൈഡറുകള്‍, പാരാ-മോട്ടോറുകള്‍, ഹാംഗ്-ഗ്ലൈഡറുകള്‍, യുഎവികള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റുകള്‍ തുടങ്ങിയവയ്ക്ക് ഈ മേഖലയില്‍ നാളെയും മറ്റന്നാളും നിരോധനം ഏര്‍പ്പെടുത്തിയതായും ഡല്‍ഹി പൊലീസ് അറിയിച്ചു. നക്സലുകളും ഭീകരരും ഉള്‍പ്പെടുന്ന രാജ്യവിരുദ്ധ ശക്തികള്‍ അന്നേ ദിവസം പൊതുജനങ്ങളുടെയും ക്ഷണിക്കപ്പെട്ട വിവിഐപികളുടേയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് അവരുടെ ഹോട്ടലുകളില്‍ നിന്ന് വേദിയിലേക്കും തിരിച്ചും പ്രത്യേക റൂട്ടുകള്‍ നല്‍കും. അതിഥികള്‍ക്ക് താമസ സൗകര്യമൊരുക്കിയ നഗരത്തിലെ ലീല, താജ്, ഐടിസി മൗര്യ, ക്ലാരിഡ്ജസ്, ഒബ്റോയ് തുടങ്ങിയ ഹോട്ടലുകള്‍ക്ക് ഇതിനകം ബഹുതല സുരക്ഷാവലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2500 ഓളം പോലീസുകാരെ വേദിക്ക് ചുറ്റും വിന്യസിക്കും. പ്രമുഖരുടെ വഴികളില്‍ സ്നൈപ്പര്‍മാരെയും സായുധ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഡ്രോണുകള്‍ വിന്യസിക്കും. കഴിഞ്ഞ ജി20 ഉച്ചകോടിക്ക് സമാനമായ സുരക്ഷാ കവചം ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide