ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്‌ബർ (69) താൽക്കാലിക പ്രസിഡന്റായി ഭരണം ഏറ്റെടുത്തതായി റിപ്പോർട്ട്. പരമോന്നത നേതാവായ അലി ഖമേനിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് മൊഖ്‌ബർ. 1955 സെപ്‌തംബർ ഒന്നിനാണ് മുഹമ്മദ് മൊഖ്‌ബർ ജനിച്ചത്. ഇറാന്റെ രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിൽ വളരെയധികം പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. 2021ൽ റൈസി പ്രസിഡന്റായപ്പോളാണ് വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ ചുമതലയേറ്റത്.
വരുന്ന 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്, ജുഡീഷ്യറി ചീഫ് ഗൊല്ലംഹുസൈൻ മൊഹ്‌സെനി ഈഷെ എന്നിവരടങ്ങുന്ന കൗൺസിലിന് നിർദേശം മൊഖ്ബർ നൽകി. പരമോന്നത നേതാവായ ഖമേനിയാണ് പുതിയ പ്രസിഡന്റിന് അംഗീകാരം നൽകേണ്ടത്. ഇന്നലെയുണ്ടായ ഹെലികോപ്‌ടർ അപകടത്തിലാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ആമിർ ഹുസൈനും മരിച്ചത്. 12 മണിക്കൂർ നീണ്ട ശ്രമത്തിലൂടെ രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായില്ല. ചില മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും ആരെയും തിരിച്ചറിയാൻ കഴിയുന്നില്ലെന്നുമാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്.
mohammad mokhber charge as interim president of iran