അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസൺ പോരാട്ടം തുടങ്ങാനിരിക്കെ ഗുജറാത്ത് ടൈറ്റൻസിന് വമ്പൻ തിരിച്ചടി. ഗുജറാത്തിന്‍റെ പേസ് നിരയിലെ കുന്തമുനയായ സ്റ്റാർ ബൗളർ മുഹമ്മദ് ഷമിക്ക് ഈ സീസൺ പൂർണമായും നഷ്ടമാകുമെന്ന് ഉറപ്പായതോടെ ടീം വലിയ പ്രതിസന്ധിയിലാണ്. ലോകകപ്പിനിടെ ഇടതു കാലിനേറ്റ പരുക്കാണ് ഷമിക്ക് വിനയായത്.
ഇന്ത്യൻ സ്റ്റാർ പേസർക്ക് ഈ ഐ പി എൽ സീസൺ പൂർണമായും നഷ്ടമാകും. പരുക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ടീമിൽനിന്നു പുറത്തുപോയ ഷമിക്ക് യുകെയിൽ ശസ്ത്രക്രിയ നടത്തുമെന്നാണ് ബി സി സി ഐയിൽ നിന്നും പുറത്തുവരുന്ന വാർത്ത. നേരത്തെ പരിക്കിനെ തുടർന്ന് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. നവംബറിൽ നടന്ന ഏകദിന ലോകകപ്പിന്‍റെ കലാശക്കളിക്ക് ശേഷം ഷമിക്ക് കളിക്കാനായിട്ടില്ല. ഇനി യുകെയിലെ ശസ്ത്രക്രീയക്ക് ശേഷമാകും താരം കളിക്കളത്തിലേക്ക് മടങ്ങിവരിക.
ഏകദേശം രണ്ട് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. അതായത് ഐ പി എല്ലിനൊപ്പം ഷമിക്ക് ബംഗ്ലദേശ്, ന്യൂസീലൻഡ് ടീമുകൾക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളും നഷ്‍ടമാകുമെന്ന് സാരം. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നേ ഷമി ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ബി സി സി ഐയുടെ പ്രതീക്ഷ.
Mohammed Shami ruled out of IPL 2024 huge blow to Gujarat Titans