‘ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റുഡിയോയില്‍വന്ന് ഷാള്‍ അണിയിച്ച് ആദരിച്ച് ഹസ്തദാനം തന്നു, ഇതാണ് ഉണ്ടായത്’; ബി.ജെ.പിയില്‍ അംഗത്വമെടുത്തത് കാര്യ ഗൗരവം അറിയാതെയെന്ന് മോഹന്‍ സിത്താര

തിരുവനന്തപുരം: ബി.ജെ.പിയില്‍ അംഗത്വമെടുത്തതില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ മോഹന്‍ സിത്താര. കാര്യ ഗൗരവം അറിയാതെ സംഭവിച്ചതാണ് ബി.ജെ.പിയില്‍ അംഗത്വമെടുത്ത സംഭവമെന്ന് അദ്ദേഹം സമൂഹമാധ്യമം വഴി അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിനാണ് ഇദ്ദേഹം അംഗത്വമെടുത്തതായി ബി ജെ പി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്. പിന്നാലെ ഇത് ചര്‍ച്ചയായിരുന്നു.

മോഹന്‍ സിത്താരയുടെ വിശദീകരണം ഇങ്ങനെ

എല്ലാ കക്ഷിരാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് ആത്മാര്‍ഥ സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഏതെങ്കിലും ഒന്നില്‍, മുന്നിലോ പിന്നിലോ, ഒപ്പമോ നിന്ന് പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. കാരണം രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് എന്നെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും കാര്യ ഗൗരവം അറിയാതെയും ഞാന്‍ അതിന് സമ്മതിക്കുകയും ചെയ്തു.

അപ്രകാരം അവര്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റുഡിയോയില്‍വന്ന് ഷാള്‍ അണിയിച്ച് ആദരിച്ച് ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത്.

സമൂഹത്തിലെ എല്ലാവരെയും ഉള്‍കൊണ്ടു സംഗീതത്തില്‍ മാത്രം ശ്രദ്ധചെലുത്തി വളരെ നിശബ്ദമായി ജീവിച്ചുപോരുന്ന ഒരാളാണ് ഞാന്‍. ദയവുചെയ്ത് അനാവശ്യ ചര്‍ച്ചകളിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു.

More Stories from this section

family-dental
witywide