മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ഉയർത്തിയ കൊടുങ്കാറ്റിനും മലയാള സിനിമയിൽ ഉയർന്ന ആരോപണങ്ങൾക്കും പിന്നാലെ മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം​ഗത്തെത്തി. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് മോഹൻലാൽ അടക്കമുള്ളവരുടെ ഞെട്ടിക്കുന്ന നീക്കം ഉണ്ടായത്.

അറിയിപ്പ് ഇപ്രകാരം

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.

More Stories from this section

family-dental
witywide