മോണിക്ക ലെവിൻസ്കി, സ്റ്റോമി ഡാനിയേൽസ് – ലോകത്തിലെ തന്നെ അതി ശക്തരായ രണ്ടു പുരുഷന്മാരെ പിടിച്ചു കുലുക്കിയ രണ്ട് സ്ത്രീകൾ. അവർ തമ്മിൽ സമാനതകളൊന്നുമില്ല. പക്ഷേ അവർ മൂലം ഒരു അമേരിക്കൻ പ്രസിഡന്റും ഒരു മുൻ പ്രസിഡന്റും നിയമക്കുരുക്കിലായി. 1990 കളിൽ, യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിൻസ്കിയും തമ്മിലുള്ള ബന്ധം ലോകം മുഴുവനുമുള്ള ചർച്ചാ വിഷയമായിരുന്നു. ഇതേ തുടർന്ന് ഇംപീച്ച്മെന്റിന് വിധേയനായ ബിൽ ക്ലിന്റണ്‍ പ്രസിഡൻ്റ് പദം ഒഴിഞ്ഞു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിനയായത് സ്റ്റോമി ഡാനിയേൽസ് എന്ന രതിചിത്ര നടിയുമായുണ്ടായിരുന്ന ബന്ധമാണ്. എന്നാൽ ക്ളിന്റണും കേസ് പോലെ ട്രംപിനെ വലയ്ക്കുന്നത് ലൈംഗിക ആരോപണങ്ങളല്ല, മറിച്ച് കുറേ നുണകളും വ്യാജരേഖകളുമാണ്.
ഒരു പ്രസിഡന്റോ മുൻ പ്രസിഡന്റോ അവരുടെ ഭാര്യമാരെ വഞ്ചിച്ചോ, ഇല്ലയോ എന്നുള്ളത് നിയമപരമായി ചോദ്യം ചെയ്യപ്പെടാത്ത വിഷയമാണ്. എന്നാൽ ഒരാൾ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഒരു പെൺകുട്ടിയെ വശംവദനാക്കുകയും തന്നെ തിരഞ്ഞെടുത്ത ജനങ്ങളോട് അതു സംബന്ധിച്ച് നുണ പറയുകയും ചെയ്തു. ട്രംപ് ആകട്ടെ സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ അവൾക്ക് പണം നൽകിയശേഷം അത് തന്റെ അഭിഭാഷകന്റെ പ്രതിഫലത്തിൽ എഴുതിച്ചേർത്തു. ഇതെല്ലാം ചെയ്തത് തെരഞ്ഞെടുപ്പിൽ തന്റെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കാനും.
ക്ലിന്റണ് സംഭവിച്ചത്
“ഞാൻ ആ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല” – 1998-ലെ പ്രസിഡന്റ് ക്ലിന്റണിന്റെ ഈ പ്രസ്താവന, അമേരിക്കൻ രാഷ്ട്രീയത്തിലെ അവിസ്മരണീയമായ ഉദ്ധരണികളിലൊന്നായിരുന്നു. അത് ഒരു വിചിത്രമായ വാചകം മാത്രമല്ല, അസത്യവും ആയിരുന്നു.
മോണിക്ക ലെവിൻസ്‌കിയുമായി പ്രസിഡന്റിന് “ബന്ധം” ഉണ്ടായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ലെവിൻസ്കിയുടെ സുഹൃത്തും സഹപ്രവർത്തകയുമായ ലിൻഡ ട്രിപ്പ് രഹസ്യമായി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു, അവരോട് അവൾ വിശദാംശങ്ങൾ ഏറ്റുപറഞ്ഞിരുന്നു. പിന്നീട് ക്ലിന്റണും ലെവൻസ്കിയും ഇത് നിഷേധിച്ചെങ്കിലും ഇരുവരും നുണപറഞ്ഞതാണെന്ന് തെളിഞ്ഞു. വെറും 24 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മോണിക്ക അന്ന് വൈറ്റ്ഹൌസ് ജീവനക്കാരിയായിരുന്നു. ലോകം മുഴുവൻ പിടിച്ചു കുലുക്കിയ വാർത്തയായിരുന്നു ഈ വിവാദം. ഒടുവിൽ ക്ലിന്റണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു. മോണിക്കയ്ക്ക് എതിരെയും കേസ് വന്നു. സംഭവത്തിന് ശേഷം 10 വർഷം മോണിക്ക ഒളിവിൽ എന്നപോലെ ജീവിച്ചു. ലോകത്ത് ഏറ്റവും അധികം ഓണ്‍ലൈന്‍ ബുള്ളിയിംഗിന് ഒരാള്‍ ഇരയായിട്ടുണ്ടെങ്കില്‍ അത് താനായിരിക്കുമെന്നാണ് മോണിക്ക അവകാശപ്പെടുന്നത്. അതി കഠിനമായ ട്രോമയിലൂടെയാണ് താൻ കടന്നു പോയത് എന്നും അവർ പറയുന്നു. എന്തെങ്കിലും തരത്തിലുള്ള ലാഭത്തിനുവേണ്ടിയല്ല, പ്രസിഡന്റ് എന്ന പദവിയോടുള്ള വിധേയത്വവും ആരാധാനയും മൂലമാണ് അത്തരം കൃത്യത്തിന് താൻ ഇരയായതെന്നും, ഇപ്പോൾ അതിലെ ശരിതെറ്റുകൾ എന്താണെന്ന് മനസ്സിലാകുമെന്നും ലെവിൻസ്കി പറയുന്നു. ഇന്ന് അവർ ഒരു ആക്ടിവിസ്റ്റാണ്. സോഷ്യൽ മീഡിയ ബുള്ളിയിങ്ങിനെതിരെ പ്രവർത്തിക്കുന്നു.
സ്റ്റോമി ഡാനിയൽസ് പറഞ്ഞത്
സ്റ്റോമി ഡാനിയൽസ് എന്ന പേരിൽ അറിയപ്പെടുന്ന രതിചിത്ര നടി സ്റ്റെഫാനി ക്ലിഫോർഡും ട്രംപും തമ്മിലുള്ള ബന്ധം ആരാധനയോ പ്രണയമോ ഒന്നുമായിരുന്നില്ല. അതിൽ കൃത്യമായ കൊടുക്കൽവാങ്ങൽ കരാർ ഉണ്ടായിരുന്നു.
2006ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി പറയുന്നു. അന്ന് ട്രംപിന്റെ ഭാര്യ മെലാനിയ കൂടെ ഉണ്ടായിരുന്നില്ല. അവർ തന്റെ മകൻ ബാരനെ പ്രസവിച്ച സമയമായിരുന്നു.
“റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് ‘ദി അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതിൽ അവസരം നൽകാമെന്നു വാഗ്ദാനംചെയ്ത് അന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചു. 2016ൽ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഈ കഥ തന്റെ ഓർമ്മക്കുറിപ്പിന്റെ വിൽപ്പനയ്ക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണമേറ്റെടുത്ത കീത്ത് ഡേവിഡ്സൺ പറഞ്ഞു. എന്നാൽ, അതു പുറത്തുപറയാതിരിക്കാൻ ഡേവിഡ്സണും ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും ഉടമ്പടിയുണ്ടാക്കി. അതനുസരിച്ചാണ് 1.30 ലക്ഷം ഡോളർ നൽകിയത്-സ്റ്റോമി പറയുന്നത് ഇങ്ങനെയാണ്. എന്നു മാത്രമല്ല തന്നെയും കുഞ്ഞിനെയും ഭീഷണിപ്പെടുത്തിയെന്നും തന്റെ ജീവനെ കുറിച്ച് ആശങ്കയുണ്ടെന്നും ഇവർ പറയുന്നു.
എന്നാൽ 2006ൽ ഇങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ല എന്നാണ് ട്രംപിന്റെ വാദം. പണം കൊടുത്തു എന്നു പറയുന്ന ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ കൂടി ട്രംപിന് എതിരായതോടെയാണ് കേസ് ട്രംപിന് പ്രതികൂലമായി തീർന്നത്.
മോണിക്കയെ പോലെ ഒളിവില്‍പോയ വ്യക്തിയല്ല സ്റ്റോമി. ട്രംപുമായുണ്ടായ ലൈംഗിക ബന്ധത്തിന്റെ വളരെസൂക്ഷ്മമായ വിശദാംശങ്ങൾ വരെ അവർ കൂസലില്ലാതെ കോടതിയിൽ തുറന്നു പറഞ്ഞു. ലോകം മുഴുവനുമുള്ള മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
Monica Lewinsky and Stormy Daniels 2 Sexual Scandal storms in US politics