മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണുമായുള്ള ബന്ധത്തെ തുടർന്ന് വിവാദ നായികയായ മോണിക്ക ലെവിൻസ്‌കി പ്രമുഖ വിമെൻസ് ഫാഷൻ ബ്രാൻഡായ റിഫർമേഷൻ്റെ പുതിയ ക്യാംപെയ്ൻ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു. സൈബർ ബുള്ളിയിങ്ങിന് എതിരെയുള്ള അതിശക്തയായ അവകാശ പ്രവർത്തകയും എഴുത്തുകാരിയുമാണ് ലെവിൻസ്കി. ജനങ്ങളെ അവരുടെ വോട്ട് അവകാശത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയാണ് റിഫർമേഷൻ ബ്രാൻഡിൻ്റെ “You’ve Got the Power” എന്നു പേരിട്ടിരിക്കുന്ന ക്യാംപെയ്ൻ.
നിങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കണമെങ്കിൽ നിങ്ങൾ വോട്ട് ചെയ്യൂ… നിങ്ങളുടെ അവകാശത്തിനായി ശബ്ദമുയർത്തണമെങ്കിൽ വോട്ട് ചെയ്തേ തീരൂ… ലെവിൻസ്കി വെബ്സൈറ്റിൽ കുറിച്ചു.
1998 -99 കാലത്താണ് അമേരിക്കയെ പിടിച്ചു കുലിക്കിയ ലൈംഗിക വിവാദമുണ്ടായത്. അന്ന് വെറും 22 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളു ലെവിൻസ്കിക്ക്. അവരെക്കാൾ 27 വയസ്സ് അധികമുണ്ടായിരുന്ന അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ളിൻ്റണുമായുണ്ടായ അതിരുവിട്ട ബന്ധത്തിന്റെ കഥകൾ അന്ന് ലോക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അന്നത്തെ വിവാദ സംഭവങ്ങൾക്ക് ശേഷം 2014ലാണ് ലെവിൻസ്കി പിന്നീട് പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പക്ഷേ സോഷ്യൽ മീഡിയയിൽ മോബ് ലിഞ്ചിങ്ങിന് ഏറ്റവും അധികം വിധേയയായ സ്ത്രീ കൂടിയാണ് ലെവിൻസ്കി .
നവംബറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ , വോട്ടർമാരുടെ ഇടയിലുള്ള നിരാശയ്ക്കും നിസ്സംഗതയ്ക്കുമുള്ള മറുപടിയായാണ് തൻ്റെ പുതിയ തീരുമാനത്തെ കാണുന്നത് എന്ന് എല്ലെ മാഗസിനിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ലെവൻസ്കി പറഞ്ഞ്. ഫാഷൻ മോഡലാവുക എന്ന പുതിയ തീരുമാനം തന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്നും ഈ വർഷം 50ാം വയസ്സിലേക്ക് കടക്കുന്ന തനിക്ക് പുതിയ അനുഭവമായിരിക്കും ഈ പുതിയ അവസരമെന്നും അവർ പറഞ്ഞു.
Monica Lewinsky is the face of Reformation’s new vote campaign