പെൻസിൽവാനിയ: പിതാവിന്റെ തോക്കെടുത്ത് കളിച്ച രണ്ടുവയസുകാരന് ദാരുണാന്ത്യം. സ്വയം വെടിയുതിർത്ത കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പെൻസിൽവാനിയയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നത്.
കട്ടിലിൽ കിടക്കുകയായിരുന്നു കുഞ്ഞ്. ഇതേകട്ടിലിൽ പിതാവ് ലൂയിസ് മാരിന്റെ തോക്ക് കിടന്നിരുന്നു. ഫോണിൽ സംസാരിക്കുന്നതിന്റെ തിരക്കിൽ ലൂയിസിന്റെ ശ്രദ്ധമാറി. ഇതേസമയമായിരുന്നു കുഞ്ഞിക്കൈകളിൽ തോക്ക് എത്തിയത്. കുഞ്ഞുവിരലുകൾ ട്രിഗർ അമർത്തിയതോടെ ബുള്ളറ്റ് പാഞ്ഞുകയറി. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച രണ്ടുവയസുകാരനെയാണ് ലൂയിസ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ 34-കാരനായ പിതാവ് അറസ്റ്റിലായി.
ഇയാളുടെ രണ്ട് ഹാൻഡ്ഗണ്ണുകളും ഇയർ പ്രൊട്ടക്ഷനും സംഭവസമയത്ത് കട്ടിലിൽ ഉണ്ടായിരുന്നു. വെടിയേറ്റ കുഞ്ഞിന്റെ വാരിയെല്ലുകൾ പൂർണമായും തകർന്നിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇടത് ശ്വാസകോശത്തിനും സാരമായ പരിക്കേറ്റു. ശരീരത്തോട് ചേർത്തുവച്ച് വെടിവച്ചതിനാൽ കുഞ്ഞിന്റെ ശരീരത്തിന് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. പിതാവിന്റെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചത് എന്നുള്ളതിനാലാണ് ഇയാൾ അറസ്റ്റിലായത്. നിലവിൽ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അഞ്ച് വർഷം തടവും 10,000 ഡോളർ പിഴയും അടയ്‌ക്കേണ്ടതായി വരും.