ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരയ്ക്കെത്തിച്ചു. ലോറിയുടെ ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നും ഇവ പൂര്‍ണമായും ശേഖരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ശരീര ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
ക്യാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനും അടക്കം അര്ജുന് ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന് തിരിച്ചറിഞ്ഞു. അര്ജുന് ഉപയോഗിച്ച വസ്തുക്കള്‍ മുഴുവന്‍ ലോറിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഷിരൂരില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നീക്കം നടത്തും. ഇതിന്റെ ഉത്തരവാദിത്വം കേരള സര്‍ക്കാര്‍ ഏറ്റെടുക്കും. വേഗത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.