
വയനാട് : സിദ്ധാര്‍ത്ഥന്റെ ദുരൂഹ മരണവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സംഭവവികാസങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലെങ്കിലും പൂക്കോട് വെറ്ററിനറി കോളേജില്‍ പുതിയ മാറ്റങ്ങള്‍ വരികയാണ്. കോളേജ് ഹോസ്റ്റലില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനമായി.
കൂടാതെ, മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ ഇനി മുതല്‍ നാല് വാര്‍ഡന്മാര്‍ ഉണ്ടാകും. ഓരോ നിലയിലും ചുമതലക്കാരെ നിയോഗിക്കുകയും ഒരു അസിസ്റ്റന്റ് വാര്‍ഡന് ഹോസ്റ്റലിന്റെ മുഴുവന്‍ ചുമതല നല്‍കുകയും ചെയ്യും. വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്.
മാത്രമല്ല, വനിതാ ഹോസ്റ്റലിലും സുരക്ഷ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തമാക്കാനും നീക്കമുണ്ട്. ഹോസ്റ്റലില്‍ ആരൊക്കെ എപ്പോഴൊക്കെ കയറുന്നുവെന്നും മറ്റും അടക്കമുള്ള വിവരങ്ങള്‍ ലഭിക്കാനും സുരക്ഷ കൂടുതല്‍ ശക്തമാക്കാനും ബയോമെട്രിക് സംവിധാനങ്ങളും ഒരുക്കുമെന്നും സൂചനയുണ്ട്.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത അരാജകത്വത്തിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും ഹോസ്റ്റലുകളും കോളജുകളും നീചമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല, സിദ്ധാര്‍ത്ഥന്റെ കൊലപാതകം ആസൂത്രിതമാണെന്നും യാദൃശ്ചികമായി ഉണ്ടായ ആള്‍ക്കൂട്ട ആക്രമണം അല്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സിദ്ധാര്‍ദ്ധിന്റെ മാതാപിതാക്കളെ എന്ത് കൊണ്ട് മുഖ്യമന്ത്രി കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.