
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് മാസാചരണത്തിന്റെ ഭാഗമായി നൂറിലധികം സ്വവര്‍ഗ ദമ്പതികള്‍ വിവാഹിതരായി. ഹൃദയസ്പര്‍ശിയായ ഒരു ഒത്തുചേരലിനാണ് ഈ വിവാഹങ്ങള്‍ സാക്ഷ്യം വഹിച്ചത്. കൃത്യമായി പറഞ്ഞാല്‍ 147 ദമ്പതികളാണ് ഇനിയുള്ള ജിവിത യാത്രയില്‍ ഒന്നായി മാറാനെത്തിയത്. തുല്യാവകാശങ്ങള്‍ക്കായുള്ള അവരുടെ വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിന്റെ പ്രതീകമായിരുന്നു ഈ സ്വവര്‍ഗ്ഗ വിവാഹം.
നഗരത്തില്‍ പ്രൈഡ് മാസത്തില്‍ നടക്കുന്ന വാര്‍ഷിക ചടങ്ങിന്റെ ഭാഗമായാണ് ഇത്തരത്തില്‍ സമൂഹ വിവാഹം നടത്തിയത്. മെക്‌സിക്കോ സിറ്റിയിലെ ഗേ ക്വയറിന്റെ സംഗീത കച്ചേരിയോടെയാണ് ചടങ്ങ് ആരംഭിച്ചത്, തുടര്‍ന്ന് വിവാഹം ഔപചാരികമാക്കുന്നതിനുള്ള ചടങ്ങുകളും നടന്നു.

2022 ഡിസംബര്‍ 31 മുതല്‍ മെക്‌സിക്കോയിലുടനീളം സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കപ്പെടുകയും നടത്തപ്പെടുകയും ചെയ്യുന്നുണ്ട്. 2023-ല്‍, മെക്സിക്കോ സിറ്റിയിലെ നൂറുകണക്കിന് സ്വവര്‍ഗ ദമ്പതികളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ ആളുകളും വിവാഹങ്ങളും അവരുടെ ലിംഗഭേദം മാറ്റവും ആഘോഷമാക്കിയിരുന്നു. ഇതേ വര്‍ഷം, ഏകദേശം 120 ദമ്പതികള്‍ ‘കൈകോര്‍ത്ത്, ഞങ്ങള്‍ അഭിമാനത്തോടെ മാര്‍ച്ച് ചെയ്യുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തി വിവാഹിതരായിരുന്നു.
പ്രാദേശിക ഗവണ്‍മെന്റിന്റെ സഹായത്തോടെ നടക്കുന്ന ചടങ്ങില്‍ ദമ്പതികള്‍ക്ക് വിവാഹിതരാകാന്‍ സാമ്പത്തിക സഹായവും നല്‍കി വരുന്നുണ്ട്.