
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ നിന്ന് രണ്ടാം ലോക മഹായുദ്ധകാലത്തേതെന്ന് സംശയിക്കുന്ന ബോംബ് കണ്ടെത്തിയതിനെ തുടർന്ന് കൗണ്ടി ഡൗണിലെ ന്യൂടൗൺവാർഡിൽ 400-ലധികം വീടുകൾ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച മോവില്ല റോഡിലെ റിവൻവുഡ് ഹൗസിംഗ് ഡെവലപ്‌മെൻ്റിലെ ഒരു കെട്ടിട സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്. രണ്ടാം ലോകയുദ്ധ കാലത്ത് വീണുപൊട്ടാതെ കിടക്കുന്ന ബോംബാണെന്നാണ് കരുതുന്നത്. ഇത് നിർവീര്യമാക്കാൻ അഞ്ചുദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്. ബാരിക്കേഡ് സ്ഥാപിച്ച് പ്രദേശത്തേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്.
ബോംബ് നിർവീര്യമാക്കുന്നതിനുള്ള യൂണിറ്റ് നിലവിൽ സ്ഥലത്തുണ്ട്. നോർത്ത് ഡൗൺ ആൻഡ് ആർഡ്‌സ് ഡിസ്ട്രിക്ട് കമാൻഡർ സൂപ്രണ്ട് ജോൺസ്റ്റൺ മക്‌ഡൗവൽ, നിർദേശമനുസരിച്ച് സ്ഥലത്തുനിന്നും ഒഴിഞ്ഞ താമസക്കാർക്ക് നന്ദി പറഞ്ഞു.
സാഹചര്യം കൈകാര്യം ചെയ്യാനും ആളുകൾക്ക് വേണ്ട സഹായം നൽകാനും എമർജൻസി സപ്പോർട്ട് സെന്റർ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. രണ്ടാം ലോകയുദ്ധകാലത്തെ പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കണ്ടെത്താനാകാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.