പാരിസ്: ലോക ഫുട്ബോളിലെ അത്യപൂർവ്വമായ രണ്ട് മണിക്കൂറോളം നീണ്ട ‘വാര്‍’ പരിശോധനയില്‍ ലോക ചാമ്പ്യന്മാരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ അര്‍ജന്റീനക്ക് അടിതെറ്റി. മത്സരം അവസാനിക്കാൻ 4 മിനിറ്റ് ഉള്ളപ്പോൾ നേടിയ ഗോളിൽ സമനില ഉറപ്പിച്ച മത്സരം രണ്ട് മണിക്കൂറോളം നീണ്ട ‘വാര്‍’ പരിശോധനയിലാണ് അര്‍ജന്റീന തോറ്റത്. ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോളിന്റെ ഗ്രൂപ്പ് ബിയില്‍ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലാണ് അര്‍ജന്റീനക്ക് നാടകീയ വിധി നേരിടേണ്ടി വന്നത്.
ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി മത്സരം സമനിലയില്‍ കലാശിച്ചുവെന്നായിരുന്നു മത്സര ഫലത്തെക്കുറിച്ചുള്ള ആധ്യ റിപ്പോര്‍ട്ട്. മൈതാനത്ത് അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് മത്സരഫലം മാറിമറിഞ്ഞത്. എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീന താരം ക്രിസ്റ്റിയന്‍ മെദിന സമനില ഗോളടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
സമനില ഗോള്‍ വീണതോടെ മൊറോക്കന്‍ ആരാധകര്‍ മൈതാനത്തേക്ക് ചാടിയിറങ്ങി. ഇതോടെ റഫറി മത്സരം സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് നടന്ന ‘വാര്‍’ പരിശോധനയിലാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ ഓഫ് സൈഡാണെന്ന് കണ്ടെത്തിയത്. രണ്ട് മണിക്കൂറിനുശേഷം സ്റ്റേഡിയം ഒഴിപ്പിച്ചാണ് മത്സരം പുനരാരംഭിച്ചത്. ഗോള്‍ ഓഫ്‌സൈഡാണെന്ന് റഫറി വിധിച്ചതിന് ശേഷം ഏതാനും മിനുറ്റുകള്‍ കൂടി നടന്ന മത്സരം അവസാനിച്ചപ്പോള്‍ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിക്കുകയായിരുന്നു. ലിയോണൽ മെസിയടക്കമുള്ള താരങ്ങൾ ഇല്ലാതെയുള്ള അർജന്‍റീനയുടെ യുവ നിരക്ക് ഒളിംപിക്സ് പോരാട്ടത്തിലെ ആദ്യ മത്സരം അങ്ങനെ മറക്കാനാകാത്തതായി. മത്സരഫലവും 2 മണിക്കൂറോളം നീണ്ട ‘വാർ’ പരിശോധനയും അവിശ്വസനീയം എന്നാണ് മെസി അഭിപ്രായപ്പെട്ടത്.
കളത്തിലെ പോരാട്ടെ ഇങ്ങനെ
സൂഫിയാൻ റഹിമിയുടെ ഇരട്ടഗോളിന്റെ മികവിലാണ് മൊറോക്കോ അർജന്റീനയെ വീഴ്ത്തിയത്. ആദ്യപകുതിയുടെ അവസാനവും രണ്ടാം പകുതിയുടെ തുടക്കത്തിലുമാണ് മൊറോക്കോയ്ക്കായി റഹിമി ഗോൾ കണ്ടെത്തിയത്. 45 + 2, 51 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ഇതിൽ രണ്ടാം ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. അർജന്റീനയ്ക്കായി ജ്യൂലിയാനോ സിമിയോണി (68–ാം മിനിറ്റ്) ഗോൾ നേടി. മത്സരത്തിൽ അനുവദിച്ച 15 മിനിറ്റ് ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യൻ മെദീന നേടിയ ഗോളാണ്, രണ്ടു മണിക്കൂറിനു ശേഷം അധികൃതർ ഓഫ്സൈഡ് വിധിച്ച് പിൻവലിച്ചത്.
ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ കാണികൾ ഗ്രൗണ്ട് കയ്യേറിയതിനെ തുടർന്ന് മത്സരം അനിശ്ചിതമായി നിർത്തിവച്ചെങ്കിലും, അത് ഫൈനൽ വിസിൽ മുഴങ്ങിയതായി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് ഒളിംപിക്സ് അധികൃതരുടെ വിശദീകരണം. കളിക്കാർ തിരികെ കയറി ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷമാണ് അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ്സൈഡാണെന്നും പിൻവലിക്കുന്നതായും പ്രഖ്യാപനം വന്നത്. തുടർന്ന് മത്സരം വീണ്ടും നടത്തുകയായിരുന്നു.