മോസ്‌കോ ഭീകരാക്രമണം : കോടതിമുറിയിലെത്തിയ പ്രതികള്‍ക്ക് മുറിവും ചതവും, ചോദ്യം ചെയ്യലിലെ ‘മൂന്നാം മുറ’യെന്ന് അഭ്യൂഹങ്ങള്‍

മോസ്‌കോ: 133 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോയിലെ ഷോപ്പിംഗ് മാളും സംഗീത വേദിയുമായ ക്രോക്കസ് സിറ്റി ഹാളിലെ ആക്രമണത്തില്‍ കുറ്റം ചുമത്തപ്പെട്ട നാല് പ്രതികളില്‍ മൂന്ന് പേരും കുറ്റം സമ്മതിച്ചു. മാര്‍ച്ച് 23 ന് നടന്ന ആക്രമണത്തില്‍ പ്രതികളായ മൂന്ന് പേരും ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ സമയത്ത് കൂട്ടക്കൊലയില്‍ പങ്കുള്ളതായി സമ്മതിച്ചു. താജിക്കിസ്ഥാന്‍ പൗരന്മാരായ നാല് പേരെയും മെയ് 22 വരെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ദലേര്‍ദ്ജോണ്‍ മിര്‍സോയേവ് (32), സൈദക്രമി റച്ചബാലിസോഡ (30), മുഖമ്മദ്സോബിര്‍ ഫൈസോവ് (19), ഷംസിദിന്‍ ഫരീദുനി (25) എന്നിവരെക്കൂടാതെ മറ്റ് ഏഴുപേരെക്കൂടി ശനിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. ദലേര്‍ദ്ജോണ്‍, സൈദക്രമി, ഷംസിദിന്‍ എന്നിവരാണ് കുറ്റം സമ്മതിച്ച മൂന്ന് പ്രതികള്‍. ഞായറാഴ്ച റഷ്യ ദേശീയ ദുഃഖാചരണം ആചരിച്ച സാഹചര്യത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, ചോദ്യം ചെയ്യലിനിടയില്‍ പ്രതികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ അനുകൂലിക്കുന്ന തരത്തിലായിരുന്നു കോടതിയിലെത്തിയ പ്രതികളുടെ ആരോഗ്യ സ്ഥിതി. ഒന്നിലധികം മുറിവുകളുമായി ആശുപത്രി ഗൗണ്‍ ധരിച്ച് വീല്‍ചെയറിലാണ് ഫൈസോവിനെ കോടതിമുറിയിലേക്ക് കൊണ്ടുവന്നത്. ഹിയറിങ് സമയത്ത് ഡോക്ടര്‍മാരും അയാളോടൊപ്പം ഉണ്ടായിരുന്നു. ഫൈസോവിനെക്കൂടാതെ, മറ്റ് മൂന്ന് പേര്‍ക്കും പുറത്തുകാണത്തക്ക ചതവുകളും മുറിവുകളും മുഖത്തുള്‍പ്പെടെ നീരും വീക്കവും ഉണ്ടായിരുന്നു. ചെവിയില്‍ വലിയ മുറിവും വെച്ചുകെട്ടലുമായാണ് റാച്ചബാലിസോഡ കോടതിമുറിയില്‍ എത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചോദ്യം ചെയ്യലിനിടെ നാലുപേരില്‍ ഒരാളുടെ ഒരു ചെവി മുറിച്ചതായും റഷ്യയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റാച്ചബാലിസോഡയുടെ മുറിവ് അത്തരത്തിലുള്ളതാണെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന ചാനല്‍ വണ്‍ ടെലിവിഷനില്‍ നാല് പ്രതികളെ കസ്റ്റഡിയിലെടുത്ത് അധികാരികള്‍ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ, പണത്തിനുവേണ്ടിയാണ് താന്‍ ആളുകളെ വെടിവെച്ചതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. പേയ്‌മെന്റിന്റെ പകുതി ലഭിച്ചതായും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ സജീവമായ തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാനാണ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. 20 വര്‍ഷത്തിനിടെ റഷ്യയില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമെന്ന് വിലയിരുത്തപ്പെടുന്ന ക്രോക്കസ് സിറ്റി ഹാളിലെ വെടിവെപ്പിന്റെ ഫോട്ടോയും ബോഡിക്യാം ദൃശ്യങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ശനിയാഴ്ച പുറത്തുവിട്ടിരുന്നു.

Moscow terror attack accused were brutally tortured during interrogation: Report

More Stories from this section

family-dental
witywide