തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരണപ്പെട്ടു. വർക്കല അയന്തി ഭാഗത്ത് വലിയ മേലതിൽ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. വർക്കലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു തട്ടി ഉച്ചക്ക് 12.20 ഓടെയാണ് അപകടം ഉണ്ടായത്. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും 5 വയസ്സുള്ള മകനുമാണ് മരിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ശരീരം ചിന്നി ചിതറിയിട്ടുണ്ട്. വർക്കല പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്നും കുട്ടിയുടെ ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. ഇതിൽ കുട്ടിയുടെ സ്ലേറ്റും ഒരു ബുക്കും ആണുള്ളത്. ബുക്കിൽ മിഥുൻ എന്ന പേര് മാത്രമാണ് ഉള്ളത്. ഏത് അങ്കണവാടി എന്നില്ല. യുവതിയും മകനും സമീപ പ്രദേശത്തുള്ളവരെല്ലാന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
mother and child died after being hit train in Varkala Thiruvananthapuram