ന്യൂഡല്‍ഹി: ഇന്ന് വൈകുന്നേരത്തോടെയായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജും ഇന്ന് പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്നു. അഭിഭാഷക കൂടിയായ ബന്‍സുരി സ്വരാജ്, ബിജെപി ഡല്‍ഹി ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനര്‍ കൂടിയാണ്.
195 പേര് ഉള്‍പ്പെടുന്ന ആദ്യപട്ടികയില്‍ ഉള്‍പ്പെട്ട ബന്‍സുരി സ്വരാജ് ന്യൂഡല്‍ഹി ലോക്സഭാ സീറ്റില്‍ നിന്നാണ് മത്സരിത്തിനിറങ്ങുന്നത്. തന്റെ പേര് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സ്വര്‍ഗത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ അയയ്ക്കുമെന്ന് ഉറപ്പുള്ള അമ്മയുടെ പൈതൃകത്തില്‍ ജീവിക്കാന്‍ ശ്രമിക്കുമെന്ന് ബന്‍സുരി സ്വരാജ് പറഞ്ഞു. ‘എനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഈ നേട്ടം ബന്‍സുരി സ്വരാജിന്റേതല്ല, മറിച്ച് ഡല്‍ഹി ബിജെപിയുടെ ഓരോ പ്രവര്‍ത്തകരുടേതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2007-ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്ത ബന്‍സുരി സ്വരാജ് 15 വര്‍ഷമായി അഭിഭാഷകയായി ജോലിനോക്കുന്നുമുണ്ട്. വാര്‍വിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ബന്‍സുരി പ്രശസ്ത ബിപിപി നിയമത്തില്‍ നിയമ ബിരുദം നേടി. മാത്രമല്ല, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് കാതറിന്‍സ് കോളേജില്‍ നിന്ന് മാസ്റ്റേഴ്‌സ് ഓഫ് സ്റ്റഡീസും പൂര്‍ത്തിയാക്കിയിട്ടുണ്ട്.