പി ടി ഉഷയ്ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയം? അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനും നീക്കം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കമെന്ന് റിപ്പോര്‍ട്ട്. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര്‍ പിടി ഉഷയ്ക്ക് എതിരാണ്. ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. മാത്രമല്ല, അധ്യക്ഷ സ്ഥാനത്തുള്ള പി.ടി ഉഷയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും ചര്‍ച്ച ചെയ്യും.

ഐ ഒ എയുടെ ഭരണഘടന ഉഷ ലംഘിച്ചെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയ നീക്കത്തിന്റെ വിശദാംശങ്ങള്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തുവിട്ട മീറ്റിങ്ങിലെ അജണ്ടയിലാണുള്ളത്. കൂടാതെ, കായിക മേഖലയ്ക്ക് ഹാനികരമാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരോപിക്കുന്നു.

യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉഷയ്ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും തീരുമാനിച്ചത്.

പാരീസ് ഒളിമ്പിക്സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സി എ ജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐ ഒ എയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഉഷ നിരസിച്ചിരുന്നു.

അധികാരത്തിലെത്തി രണ്ട് വര്‍ഷമാകുന്നതിന് മുന്‍പാണ് പി ടി ഉഷയ്ക്കെതിരെ ഐ ഒ എയില്‍ പടയൊരുക്കം നടത്തുന്നത്. 2022 ഡിസംബറിലാണ് ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തേയ്ക്ക് പി ടി ഉഷ എത്തുന്നത്.

More Stories from this section

family-dental
witywide