
ഭോപ്പാൽ: മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ തന്ത്രി ചങ്ങലകൊണ്ട് മർദ്ദിച്ചതിനെ തുടർന്ന് 34 കാരിക്ക് ദാരുണാന്ത്യം. നാഗൻവത് ഗ്രാമത്തിലെ മഞ്ജിതയാണ് കൊല്ലപ്പെട്ടത്.
കല്യാണം കഴിഞ്ഞ് 15 വർഷമായിട്ടും കുട്ടികളാകാത്തതിനെ തുടർന്ന് പരിഹാരത്തിനായി വീട്ടുകാർ മഞ്ജിതയെ തന്ത്രിയുടെ അടുക്കൽ കൊണ്ട് പോവുകയായിരുന്നു. തന്ത്രക്രിയയുടെ ഭാഗമായി മൂന്ന് ദിവസം തുടർച്ചയായി അടിച്ചതിനെ തുടർന്ന് ബുധനാഴ്ചയാണ് യുവതി മരണപ്പെട്ടത്.
പതിനഞ്ചു വർഷം മുമ്പാണ് മഞ്ജിതയും പ്രകാശ് ദാമോറുമായുള്ള വിവാഹം കഴിഞ്ഞത്. ഇതുവരെ കുട്ടികളാകാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ തന്ത്രിയെ സമീപിച്ചപ്പോൾ യുവതിക്ക് ബാധയാണെന്നാരോപിച്ച് തുടർച്ചയായി മർദ്ദിക്കുകയായിരുന്നു.
മൂന്നാം ദിവസം യുവതി കുഴഞ്ഞുവീണതിനാൽ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തതായും അന്വേഷണം തുടങ്ങിയതായും ജാബുവ എസ്.പി അഗം ജയ്ൻ പറഞ്ഞു.