ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പിഴുതെറിയപ്പെട്ട മുണ്ടക്കൈ-ചൂരല്‍മല പ്രദേശവാസികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള യുഡിഎഫ്-എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. ‘കേരളം ഇന്ത്യയിലാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
കേന്ദ്രസമീപനം നിരാശാജനകമാണെന്നും രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാട്ടിയ വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള രാഷ്ട്രീയ സമീപനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കുന്നില്ലെന്നും പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പാക്കേജ് വേണമെന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. ഹിമാചലില്‍ പ്രകൃതി ദുരന്തമുണ്ടായപ്പോഴും കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടിടത്തും ദുരിതബാധിതര്‍ക്ക് സഹായം നിഷേധിച്ചുവെന്നും അവര്‍ വ്യക്തമാക്കി.
വയനാട്ടിലെ നാശനഷ്ടം രാജ്യം കണ്ടതാണ്. പ്രകൃതി ദുരന്തങ്ങളുണ്ടായി വേദന അനുഭവിക്കുന്ന ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രീയം മാറ്റിവച്ച് പ്രധാനമന്ത്രി ജനങ്ങളുടെ സംരക്ഷകനാകണം. ഇത് രാഷ്ട്രീയത്തിന് അതീതമായ കാര്യമാണെന്നും പ്രിയങ്ക പറഞ്ഞു.