മലവെള്ളപാച്ചിലില്‍ മുങ്ങി മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും; ഉരുള്‍ പൊട്ടിയെന്നും സംശയം

കോട്ടയം: കോട്ടയം ജില്ലയിലെ മലയോര മേഖലയായ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും മലവെള്ളപ്പാച്ചില്‍. മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മുണ്ടക്കയത്ത് ബൈപാസ് റോഡിലടക്കം രാത്രിയില്‍ വെള്ളം കയറിയിരുന്നു. കൂട്ടിക്കല്‍, കാവാലി മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായോ എന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്.

രാത്രിയില്‍ കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാര്‍ പുഴയില്‍ നിന്ന് റോഡിലേക്ക് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറു വാഹനങ്ങള്‍ക്ക് അടക്കം കടന്നുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രാവിലെയോടെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്.

അഞ്ചലിപ്പ, ഇരുപത്തിയാറാം മൈല്‍ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറി. ഇടക്കുന്നം മേഖലയില്‍ കൈത്തോടുകള്‍ നിറഞ്ഞ് കവിഞ്ഞു. രാത്രിയില്‍ വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തിയത് ആളുകളെ പരിഭ്രാന്തിയിലാക്കി. രാത്രിയില്‍ അതിശക്തമായ മഴയാണ് ഇവിടുണ്ടായത്. നിലവില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. വെള്ളം പൊങ്ങിയതൊഴിച്ചാല്‍ മറ്റ് അപകടങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.