തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് തീര്‍ത്ത അലയൊലികളില്‍പ്പെട്ട് എം.എല്‍.എ മുകേഷിന്റെ രാജിക്കായി മുറവിളി ഉയരുമ്പോള്‍ നിലപാടില്‍ ഉറച്ച് സിപിഎം. കുറ്റാരോപിതനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് തീരുമാനം. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് മുകേഷിന് സംരക്ഷിച്ചുകൊണ്ടുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
എം.എല്‍.എ സ്ഥാനം ഒഴിയുന്നത് സാമാന്യനീതി നിഷേധമാണെന്നും ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചാല്‍ കുറ്റവിമുക്തനായാല്‍ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാല്‍ അവരാരും രാജിവെച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി അടക്കം നിരവധി നേതാക്കളുടെ പേരില്‍ മുന്‍പ് കേസ് വന്നിട്ടുണ്ടെന്നും അവരാരും രാജി വച്ചിട്ടില്ലെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരെ പോലെ എക്‌സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കില്‍ മാറ്റി നര്‍ത്താമെന്നും കുറ്റം ആരാപിക്കപ്പെട്ട ജനപ്രതിനിധി രാജി വെച്ചശേഷം നിരപരാധിത്വം തെളിഞ്ഞാല്‍ തിരിച്ച് വരവിന് അവസരമുണ്ടാകില്ലെന്നും മുകേഷിന് അനുകൂലമായ നിലപാടില്‍ ഉറച്ചുനിന്ന ഗോവിന്ദന്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പ്രതികരണം നടത്തിയ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ അമാന്തം കാട്ടിയിട്ടില്ലെന്നും സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കേസ് അന്വേഷണത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഒരു ആനുകൂല്യവും മുകേഷിന് നല്‍കില്ലെന്നും
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.