ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ നടൻ സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയല്‍ ചെയ്തേക്കും. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മുഗുൾ റോഹത്ഗി സിദ്ദിഖിനായി ഹാജരാകും. മുഗുൾ റോഹത്ഗിയുമായി സിദ്ദിഖിൻ്റെ അഭിഭാഷകർ ചർച്ച നടത്തി. മുൻകൂർ ജാമ്യം നിഷേധിച്ചുള്ള വിധിയുടെ പകർപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ചർച്ച. ഇന്നോ നാളെയോ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി ഹാജരായതും മുഗുൾ റോഹത്ഗിയായിരുന്നു. ഗുജറാത്ത് കലാപം, ആര്യൻ ഖാൻ കേസ്, വിജയ് മല്യ കേസ് തുടങ്ങി പ്രമാദമായ പല കേസുകളും വാദിച്ച അഭിഭാഷകനാണ് മുഗുൾ റോഹത്ഗി.
അതേസമയം, സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തടസ ഹർജി നൽകാൻ പരാതിക്കാരിയായ യുവനടി ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തന്റെ ഭാഗം കൂടി കേൾക്കാതെ ഇടക്കാല ജാമ്യപേക്ഷയിൽ തീരുമാനമെടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ യുവതിയ്ക്കു വേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്.