മുംബൈ: 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തില്‍പെട്ട മലയാളി കുടുംബം സുരക്ഷിതര്‍. രക്ഷപെടുത്തി ചികിത്സയ്‌ക്കെത്തിച്ച ആറു വയസുകാരന്റെ മൊഴിയിലൂടെയാണ് മലയാളി കുടുംബവും അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത എത്തിയത്. തുടര്‍ന്ന നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ സുരക്ഷിതരെന്ന് കണ്ടെത്തിയിരുന്നു.
ഉറാനിലെ ജെഎന്‍പിടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് വയസുകാരന്‍ ഏബിള്‍ മാത്യുവാണ് മാതാപിതാക്കളെ കാണാനില്ലെന്ന് പൊലീസിന് മൊഴി നല്‍കിയത്. കുട്ടിയെ മാതാപിതാക്കളായ പത്തനംതിട്ട സ്വദേശികള്‍ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവര്‍ക്കൊപ്പം വിട്ടു.
ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വെച്ചാണ് മുംബൈയെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങുകയായിരുന്നു.