മുംബൈ : ഇന്നലെ മുംബൈ തീരത്ത് സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ കാരണം സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഇന്ത്യന്‍ നാവികസേന. എഞ്ചിന്‍ തകരാര്‍ മൂലമാണ് സ്പീഡ് ബോട്ട് നിയന്ത്രണം വിട്ടതെന്നും നാവികസേന വ്യക്തമാക്കി. അപകടത്തില്‍ നാവികസേനാംഗങ്ങള്‍ ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്.
‘മുംബൈ ഹാര്‍ബറില്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് എന്‍ജിന്‍ ട്രയല്‍ നടത്തുന്നതിനിടെ ഒരു ഇന്ത്യന്‍ നേവി ബോട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു. ബോട്ട് ഒരു പാസഞ്ചര്‍ ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി’ നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും നാവികസേന അറിയിച്ചു.
നാല് നാവിക ഹെലികോപ്റ്ററുകള്‍, 11 നാവിക കപ്പലുകള്‍, ഒരു കോസ്റ്റ് ഗാര്‍ഡ് ബോട്ട്, മൂന്ന് മുങ്ങികപ്പലുകള്‍ എന്നിവയുള്‍പ്പെടെ തിരച്ചില്‍ നടത്തുന്നുണ്ട്.
101 പേരെ രക്ഷപ്പെടുത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മരിച്ചവരില്‍ 10 സാധാരണക്കാരും മൂന്ന് നാവികസേനാംഗങ്ങളും ഉള്‍പ്പെടുന്നു.