നിസാരം; ഇഷാൻ കിഷനും സൂര്യകുമാറും കത്തിക്കയറി, ആർസിബിയെ പഞ്ഞിക്കിട്ട് മുംബൈ ഇന്ത്യൻസ്

മുംബൈ: ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 197 വിജയലക്ഷ്യം 15.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് മുംബൈ ഇന്ത്യൻസ്. ഓപ്പണർ ഇഷാൻ കിഷൻ (34 പന്തിൽ 69), സൂര്യകുമാർ യാദവ് (19 പന്തിൽ 52) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് മുംബൈയുടെ വിജയം.

രോഹിത് ശർമ (24 പന്തിൽ 38), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ (6 പന്തിൽ 21 നോട്ടൗട്ട്), തിലക് വർമ (10 പന്തിൽ 16 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ഒരവസരവും നൽകാതെയായിരുന്നു മുംബൈയുടെ ജയം. തുടർച്ചയായി രണ്ടാം തവണയാണ് മുംബൈ ജയിക്കുന്നത്. മുംബൈയുടെ ബാറ്റ്സ്മാന്മാർ 15 സിക്സറുകൾ പറത്തി. ഇഷാൻ കിഷൻ അഞ്ചും സൂര്യകുമാർ നാലും ഹർദിക് പാണ്ഡ്യയും രോഹിത്തും മൂന്നും വീതം സിക്സ് പറത്തി.

ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് മികച്ച സ്കോർ. നേടിയിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേശ് കാർത്തിക്കിന്റെയും രജത് പാട്ടീദാറിന്റെയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിന്റെയും മികവിൽ എട്ട് വിക്കറ്റിന് 196 റൺസെടുത്തു. ഡുപ്ലെസി (40 പന്തിൽ 60) ആണ് ടോപ് സ്കോററർ. 23 പന്തിൽ 53 റൺസാണ് ദിനേശ് കാർത്തിക് നേടിയത്. 26 പന്തിൽ 50 റൺസടിച്ച രജത് പാട്ടീദാറും മിന്നി. മുംബൈ ബൗളിങ് നിരയിൽ നാലോവറിൽ 21 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ മികച്ചുനിന്നു. ബെം​ഗളൂരു നിരയിൽ വിരാട് കോലി (3), ​ഗ്ലെൻ മാക്സ്‍വെൽ (0), വിൽ ജാക്സ് (8) എന്നിവർ നിരാശപ്പെടുത്തി. മുംബൈ മധ്‍വാൾ നാലോവറിൽ 57 റൺസും ജെറാൾഡ് കോർട്സി നാലോവറിൽ 42 റൺസും വഴങ്ങി.

Mumbai Indian beat RCB by 7 wickets