കൂട്ടുകാരി മഴ നനയാതിരിക്കാൻ സുമിത് എറിഞ്ഞുകൊടുത്ത മഴക്കോട്ട് ഉണ്ടാക്കിയ പുകില്! ട്രെയിൻ ഗതാഗതം താറുമാറായി; ശേഷം സംഭവിച്ചത്

മുംബൈ: കനത്ത മഴയിൽ മഴക്കോട്ട് വലിയ ആശ്വാസമാണ് ഏവർക്കും നൽകാറുള്ളത്. എന്നാൽ മുംബൈയിലെ 19 കാരനും റെയിൽവേക്കും പറയാനുള്ളത് പുതിയൊരു അനുഭവം കൂടിയാണ്. മുംബൈയിലെ ട്രെയിൻ ഗതാഗതം അരമണിക്കൂറോളം നിശ്ചലമാക്കിക്കളഞ്ഞു ഒരു മഴക്കോട്ട് എന്ന് പറഞ്ഞാൽ പലരും മൂക്കിൽ കൈവച്ചുപോകും. എന്നാൽ യാഥാർത്ഥ്യം അതാണ്. ഒരു മഴക്കോട്ട് കാരണം ചര്‍ച്ച്‌ഗേറ്റ് റെയില്‍വെ സ്‌റ്റേഷനിൽ ട്രെയിൻ ഗതാഗതം അരമണിക്കൂറോളം വൈകിയെന്ന വിചിത്ര വാർത്തയാണ് മുംബൈയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സംഭവം ഇങ്ങനെ

രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമില്‍ ട്രെയിൻ കാത്തിരിക്കുകയായിരുന്ന 19 കാരനായ സുമിത് ഭാഗ്യവന്ത്. അപ്പോഴാണ് മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വനിതാ സുഹൃത്ത് മഴ നനഞ്ഞു നിൽക്കുന്നത് കണ്ടത്. പൊടുന്നനെ തന്നെ സുമിത് മഴക്കോട്ട് കൈമാറാൻ ശ്രമിച്ചു. മഴയില്‍ നിന്ന് കൂട്ടുകാരിയെ രക്ഷിക്കാനായി സുമിത് മഴക്കോട്ട് പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലൂടെ എറിഞ്ഞു കൊടുക്കുകയായിരുന്നു. എന്നാല്‍ പണി അക്ഷരാർത്ഥത്തിൽ പാളി. പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയിലുള്ള റെയില്‍വെ ലൈനുകള്‍ക്കൊപ്പം പരന്നുകിടന്ന ഇലക്ട്രിക് വയറിലാണ് കോട്ട് ചെന്ന് പതിച്ചത്.പിന്നെ ആകെ ബഹളമായി. എല്ലാവരും ഓടിക്കൂടി. ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ വൈദ്യുതി വിച്ഛേദിച്ചതിനാൽ അപകടമൊഴിവായി. തുടര്‍ന്ന് നീളമുള്ള വടി കൊണ്ടുവന്ന് മഴക്കോട്ട് അവിടെ നിന്ന് എടുത്തുമാറ്റി. ഏ​കദേശം 30 മിനിറ്റോളം സമയമെടുത്താണ് കോട്ട് മാറ്റിയത്. ഇത്രയും നേരം ട്രെയിനുകൾ പിടിച്ചിടുകയും വൈകിയോടുകയും ചെയ്തു. മഴക്കോട്ട് എറിഞ്ഞുകൊടുത്ത് ഈ പണി മൊത്തം ഒപ്പിച്ച സുമിത് ഭാഗ്യവന്തിന് റെയിൽവേ വക 2000 രൂപ പിഴയും കിട്ടി.

More Stories from this section

family-dental
witywide