ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോംബ് സ്‌ഫോടനത്തില്‍ ഇല്ലാതാക്കുമെന്ന് ഭീഷണി സന്ദേശം. ശനിയാഴ്ചയാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. രാജസ്ഥാനിലെ അജ്മീറില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയത്. സന്ദേശത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് സംഘത്തെ ഉടന്‍ രാജസ്ഥാനിലേക്ക് അയച്ചു.
കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും സന്ദേശം അയച്ചയാള്‍ മാനസിക അസ്വസ്ഥതയുള്ള ആളോ, മദ്യലഹരിയിലോ ആയിരിക്കാം എന്ന് പൊലീസ് കരുതുന്നു. ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മുംബൈ ട്രാഫിക് പൊലീസ് ഹെല്‍പ്പ് ലൈനില്‍ നിരവധി വ്യാജ ഭീഷണി സന്ദേശങ്ങളാണ് ഇത്തരത്തില്‍ പൊലീസിന് തലവേദനയായി എത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തിനിടെ നടന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് പൊലീസിന് ഇത്തരത്തില്‍ രണ്ട് സന്ദേശങ്ങള്‍ ലഭിച്ചു. വെള്ളിയാഴ്ച അയച്ച ഏറ്റവും പുതിയ സന്ദേശത്തില്‍ ”സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍, അദ്ദേഹം രാജസ്ഥാനിലെ ബിഷ്ണോയി കമ്മ്യൂണിറ്റി ക്ഷേത്രത്തില്‍ പോയി സമൂഹത്തോട് മാപ്പ് പറയണം അല്ലെങ്കില്‍ 5 കോടി രൂപ നല്‍കണം. അങ്ങനെ ചെയ്തില്ലെങ്കില്‍, ഞങ്ങള്‍ അവനെ ഇല്ലാതാക്കും. ബിഷ്‌ണോയ് സംഘം ഇപ്പോഴും സജീവമാണ്”- എന്നായിരുന്നു ഉണ്ടായിരുന്നത്.