
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കടൽപാലം ശിവ് രി-നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 22കിലോമീറ്റർ നീളമുള്ള പാലം 17, 843 കോടി രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർഥം അടൽ സേതു എന്നാണ് പാലത്തിന് പേരിട്ടത്.
ഇനിമുതൽ മുംബൈയിൽ നിന്ന് ഇനി കടൽപാലം വഴി നവിമുംബൈയിലേക്ക് 20 മിനിറ്റു കൊണ്ടെത്താം. നേരത്തേ ഒന്നരമണിക്കൂറായിരുന്നു ഈ സ്ഥലങ്ങൾക്കിടയിലെ യാത്രാദൈർഘ്യം. 2016ലാണ് പ്രധാനമന്ത്രി കടൽപാലത്തിന് തറക്കല്ലിട്ടത്.
ആറ് വരി പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്. ഇതുവഴി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അതിവേഗം എത്തിച്ചേരാം. മുംബൈയില്‍ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. ഇത് മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്റു തുറമുഖവും തമ്മിലുള്ള ഗതാഗതവും മെച്ചപ്പെടുത്തും. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും പാലത്തിൽ പ്രവേശനമില്ല. പാലത്തിലൂടെ ദിവസവും യാത്ര ചെയ്യുന്നവർക്ക് പ്രതിമാസം പതിനായിരത്തിലധികം രൂപ ചെലവാകും.