
മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി. ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വിഷയത്തില്‍ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. മുനമ്പത്ത് പ്രദേശവാസികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കുന്നത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. വേഗത്തില്‍ പരിഹാരം കാണുകയാണ് വേണ്ടത്. രേഖകള്‍ പരിശോധിക്കേണ്ട കാര്യമില്ല – ഇവര്‍ പറഞ്ഞു.
പ്രശ്നം പരിഹരിക്കാനായി മുനമ്പത്തെ സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. നാളെ വൈകുന്നേരം നാലുമണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച നടത്തുക. ഉന്നതതലയോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കും. തീരുമാനത്തിലെ സമരക്കാരുടെ ആശങ്കകളും മുഖ്യമന്ത്രി കേള്‍ക്കും. യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ.