
കൊച്ചി: മുനമ്പത്ത് ഭൂമി പ്രശ്നത്തിനെതിരായ സമരം 43 ദിവസം പിന്നിടുമ്പോൾ സമരം കൂടുതൽ ശക്തമാകുന്നു. ഇന്ന് മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി രംഗത്തെത്തി. വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തിയാണ് പ്രതിഷേധം നടത്തിയത്. വഖഫ് ആസ്തി വിവരപട്ടികയിൽ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതി.1995ലെ വഖഫ് നിയമത്തിന്റെ കോലമാണ് സമരക്കാർ കടലിൽ കെട്ടിത്താഴ്ത്തിയത്. അഞ്ഞൂറിലധികം പ്രതിഷേധക്കാരാണ് മുനമ്പം കടലിലേക്ക് പ്രതിഷേധം നടത്തിയത്.
മുനമ്പം തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമര സമിതിയുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. മുനമ്പത്തെ പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സമരം തുടരാനാണ് സമരസമിതി തീരുമാനിച്ചത്. സമരത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വഖഫിൻ്റെ ആസ്തി വിവരപട്ടികയിൽ നിന്ന് ഒഴിവാക്കും വരെ നിരാഹാര സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.