പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കെ. മുരളീധരന്‍ പാലക്കാട് എത്തുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകില്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ മുരളീധരന്‍ പറഞ്ഞിരുന്നുവെങ്കിലും നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഇപ്പോള്‍.
പാലക്കാട് സ്ഥാനാര്‍ഥിയായി ഡിസിസി നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിരുന്നത് കെ.മുരളീധരനെയായിരുന്നു. എന്നാല്‍ പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കുകയായിരുന്നു. രാഹുല്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ഡിസിസി നേതൃത്വം അയച്ച കത്ത് പുറത്തുവന്നതും വിവാദമായതും. ജയിക്കാന്‍ സാധ്യതയുള്ള സീറ്റ് അല്ലായിരുന്നുവെങ്കില്‍ തന്നെ പരിഗണിക്കുമായിരുന്നു എന്ന് പരിഹാസരൂപേണ മുരളീധരന്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല എന്തുകൊണ്ട് മുരളീധരനെ മാറ്റിയെന്ന ചര്‍ച്ചയും സജീവമായിരുന്നു.
ഇതിനിടെയാണ് പിണക്കം മറന്ന് രാഹുലിനായി വോട്ടുതേടി മുരളീധരന്‍ എത്തുന്നത്. പാലക്കാട് മേപ്പറമ്പ് ജങ്ഷനില്‍ നാളെ വൈകുന്നേരം ആറിന് പൊതുയോഗത്തില്‍ മുരളീധരന്‍ സംസാരിക്കും. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയില്‍ കര്‍ഷക രക്ഷാമാര്‍ച്ചും മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ആഴ്ചയും നിലപാട് ആവര്‍ത്തിച്ച മുരളിയോട് പ്രചാരണത്തിന് എത്തണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലും മുരളീധരനോട് ഫോണില്‍ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.