ഫൊക്കാന രാജ്യാന്തര കണ്‍വന്‍ഷനിലേക്ക് കവി മുരുകൻ കാട്ടാക്കടയും അതിഥിയായി എത്തുന്നു

നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വന്‍ഷനില്‍ മലയാളികളുടെ ഹൃദയം തൊട്ട കവി മുരുകന്‍ കാട്ടാക്കടയും അതിഥിയായി എത്തുന്നു. കവി, സിനിമ ഗാനരചയിതാവ്, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ് മുരുകന്‍ കാട്ടാക്കട. കേരളാ സര്‍ക്കാരിൻ്റെ സാംസ്കാരിക വകുപ്പില്‍ മലയാളം മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.

കണ്ണട, ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്, രേണുക, മനുഷ്യനാകണം തുടങ്ങി മലയാളികളുടെ ഹൃദയത്തെ സ്പര്‍ശിച്ച ഒട്ടനവധി കവിതകളുടെ ശില്പിയാണ് മുരുകന്‍ കാട്ടാകട. മാനത്തെ മാരികുറുമ്പേ എന്ന പുലിമുരുകനിലെ ഗാനം എഴുതിയത് മുരുകന്‍ കാട്ടാക്കടയാണ്. ഇരുപതോളം സിനിമകള്‍ക്ക് പാട്ടെഴുതി. ഒപ്പം നാടക ഗാനങ്ങള്‍ക്കും വരികള്‍ എഴുതി.

2024 ജൂലൈ 18 മുതല്‍ 20 വരെ റോക് വിൽ, ബെഥേസ്ഡ നോര്‍ത്ത് മാരിയറ്റ് ഹോട്ടല്‍ & കണ്‍വന്‍ഷന്‍ സെന്റര്‍ ആണ് കണ്‍വന്‍ഷന് വേദിയാകുന്നത്. കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു.

പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷര്‍ ബിജു ജോണ്‍, എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ് ചക്കോ കുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിഡ്ജറ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കാനാനുള്ള ശ്രമത്തിലാണ് എല്ലാവരും.

Murukan Kattakkada to attend FOKANA International Convention