സിഡ്‌നി: പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നതിനുള്ള ഓസ്ട്രേലിയയുടെ നിര്‍ദ്ദിഷ്ട നിയമത്തെയും, ലംഘിച്ചാല്‍ കമ്പനികള്‍ക്ക് 32 മില്യണ്‍ ഡോളര്‍ വരെ പിഴ ചുമത്താനുമുള്ള ഓസ്ട്രേലിയയുടെ നീക്കത്തെയും വിമര്‍ശിച്ച് യുഎസ് കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സിന്റെ ഉടമകൂടിയായ മസ്‌ക്, എല്ലാ ഓസ്ട്രേലിയക്കാര്‍ക്കും ഇന്റര്‍നെറ്റ് ആക്സസ്സ് നിയന്ത്രിക്കുന്നതിനുള്ള നീക്കമായി തോന്നുന്നുവെന്നാണ് പ്രതികരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചാമ്പ്യനായി സ്വയം പുകഴ്ത്താറുള്ള മസ്‌ക്, ബില്ലിനെക്കുറിച്ച് എക്സില്‍പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പങ്കുവെച്ച പോസ്റ്റിന് വ്യാഴാഴ്ച നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിയമനിര്‍മ്മാണത്തിലൂടെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം തടയുമെന്ന് നിരവധി രാജ്യങ്ങള്‍ ഇതിനകം തീരുമാനമെടുത്തിട്ടുണ്ട്.
15 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഫ്രാന്‍സ് കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശിച്ചെങ്കിലും മതാപിതാക്കളുടെ സമ്മതത്തോടെ അനുവാദം നല്‍കിയിരുന്നു. അതേസമയം പതിറ്റാണ്ടുകളായി 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഡാറ്റ ആക്സസ് ചെയ്യുന്നതിന് രക്ഷാകര്‍തൃ സമ്മതം തേടാന്‍ ടെക്നോളജി കമ്പനികളോട് യുഎസും ആവശ്യപ്പെടുന്നുണ്ട്.
സോഷ്യല്‍ മീഡിയ നയങ്ങളുടെ പേരില്‍ ഓസ്ട്രേലിയയിലെ ലേബര്‍ ഗവണ്‍മെന്റുമായി മസ്‌ക് മുമ്പും ഏറ്റുമുട്ടിയിട്ടുണ്ട്. മസ്‌കിനെ ‘അഹങ്കാരിയായ കോടീശ്വരന്‍’ എന്ന് പ്രധാനമന്ത്രി അല്‍ബനീസ് വിളിക്കുകയും ചെയ്തിട്ടുണ്ട്.