തന്റെ 11 മക്കള്‍ക്കും ഭാര്യമാര്‍ക്കുമായി ടെക്സാസില്‍ 35 മില്യണ്‍ ഡോളറിന്റെ ആഡംബര വസതി സ്വന്തമാക്കി മസ്‌ക്

ടെക്‌സാസ് : ഭാര്യമാരുടേയും കുട്ടികളുടേയും എണ്ണത്തില്‍ പലപ്പോഴും ആളുകളെ അമ്പരപ്പിക്കുകയും, ചിലപ്പോഴൊക്കെ വിമര്‍ശനത്തിനും പാത്രമായിട്ടുണ്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇപ്പോഴിതാ തന്റെ 11 മക്കള്‍ക്കും ഭാര്യമാര്‍ക്കുമായി ടെക്സാസില്‍ 35 മില്യണ്‍ ഡോളറിന്റെ ആഡംബര വസതിയാണ് മസ്‌ക് സ്വന്തമാക്കിയിരിക്കുന്നത്.

ടെക്സാസിലെ ഓസ്റ്റിനിലാണ് 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മാളികയും അതിനോട് ചേര്‍ന്നുള്ള സ്ഥലവും അദ്ദേഹം സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇലോണ്‍ മസ്‌കിന്റെ ടെക്സാസ് ഹൗസില്‍ നിന്ന് വെറും 10 മിനിറ്റ് മാത്രം അകലെയാണ് പുതിയ മണിമാളിക. ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക്, പുതിയ വീട്ടില്‍ തന്റെ കുട്ടികളെ ഒന്നിച്ചു താമസിപ്പിക്കാന്‍ തീരുമാനിച്ചതോടെ അവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.

മസ്‌കിന് 12 കുട്ടികളാണ് ഉണ്ടായിരുന്നത്. 2002 ല്‍ മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കിനില്‍ ഉണ്ടായ ആദ്യ കുട്ടി വെറും 10 ആഴ്ച പ്രായമുള്ളപ്പോള്‍ സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം ബാധിച്ച് മരിച്ചു. 2008 വിവാഹമോചനത്തിന് മുമ്പ് ഇരുവര്‍ക്കുമായി അഞ്ച് കുട്ടികളുണ്ടായിരുന്നു. ഇരട്ടകളായ ഗ്രിഫിന്‍, വിവിയന്‍, തുടര്‍ന്ന് ട്രിപ്പിള്‍സ് സാക്‌സണ്‍, ഡാമിയന്‍, കായ് എന്നിവര്‍.

പിന്നീട് ബ്രിട്ടീഷ് നടി താലുല റിലേയുമായി മസ്‌ക് പ്രണയത്തിലായി. താതുലയെ മസ്‌ക് രണ്ടുതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് കുട്ടികളില്ല.

ഗായിക ഗ്രിംസിനൊപ്പം മസ്‌ക് ജീവിതം പങ്കിടുകയും ഇരുവര്‍ക്കും മൂന്ന് കുട്ടികള്‍ ജനിക്കുകയും ചെയ്തു. നിലവില്‍, ഗ്രിംസും മസ്‌കും ഈ കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി നിയമയുദ്ധത്തിലാണ്. 2021-ല്‍, മസ്‌കിന്റെ ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ എക്സിക്യൂട്ടീവായ ശിവോണ്‍ സിലിസുമായുണ്ടായ ബന്ധത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഈ വര്‍ഷം അവര്‍ക്ക് മൂന്നാമത്തെ കുട്ടിയുണ്ടായെന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു.