ശരീഅത്ത് നിയമപ്രകാരം ജീവനാംശം ‘ഇദ്ദ’ കാലയളവ് വരെ മാത്രം, സുപ്രീം കോടതി വിധിക്കെതിരെ മുസ്ലിം വ്യക്തി നിയമ ബോർഡ്

ദില്ലി: ശരിയത്ത് നിയമം ചൂണ്ടികാട്ടി വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം നേടാമെന്ന സുപ്രീം കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌ രംഗത്ത്. സുപ്രീം കോടതിയുടെ വിധി ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് പറയുന്നത്. ശരീഅത്ത് നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് ജീവനാംശത്തിനുള്ള അവകാശം ‘ഇദ്ദ’ കാലയളവ് വരെ മാത്രമാണുള്ളതെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് ചൂണ്ടികാട്ടി.

അതുകൊണ്ടുതന്നെ വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം നേടാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നത് ആലോചിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് വ്യക്തമാക്കി. ക്രിമിനൽ നിയമപ്രകാരം വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചത്. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986 – ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശത്തിൽ തീരുമാനം എടുക്കേണ്ടതെന്ന വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.