ഈമാസം 28നുള്ളില്‍ രാജിവയ്ക്കണം!ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്കായി കാനഡ എംപിമാരുടെ മുറവിളി

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്കായി സ്വന്തം പാര്‍ട്ടിയിലെ തന്നെ എംപിമാരുടെ ആഹ്വാനം. ഈമാസം 28നുള്ളില്‍ രാജിവയ്ക്കണമെന്നാണ് ലിബറല്‍ പാര്‍ട്ടിയിലെ എംപിമാരുടെ അന്ത്യ ശാസന. ട്രൂഡോ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ലിബറല്‍ എംപിമാര്‍ പാര്‍ലമെന്റ് ഹില്ലില്‍ യോഗം ചേര്‍ന്നതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടച്ചിട്ട വാതിലിലെ മീറ്റിംഗില്‍, വിയോജിപ്പുള്ള എംപിമാര്‍ തങ്ങളുടെ പരാതികള്‍ ട്രൂഡോയെ അറിയിച്ചു, ഇത് പാര്‍ട്ടിക്കുള്ളില്‍ വര്‍ദ്ധിച്ചുവരുന്ന അസംതൃപ്തിയെ പ്രതിഫലിപ്പിച്ചു. ഹൗസ് ഓഫ് കോമണ്‍സ് സെഷന്‍ നടക്കുന്ന സമയത്ത് നടക്കുന്ന പ്രതിവാര കോക്കസ് മീറ്റിംഗുകളുടെ ഭാഗമായിരുന്നു ഈ ഒത്തുചേരല്‍. എംപിമാര്‍ക്ക് തങ്ങളുടെ ആശങ്കകളും നിരാശയും നേരിട്ട് പ്രധാനമന്ത്രി ട്രൂഡോയെ അറിയിക്കാനുള്ള വേദിയായി ബുധനാഴ്ചത്തെ യോഗം മാറി. ഒക്ടോബര്‍ 28-നകം തന്റെ ഭാവി തീരുമാനിക്കാന്‍ വിമത ലിബറല്‍ എംപിമാര്‍ അന്ത്യശാസനം നല്‍കിയതോടെ ട്രൂഡോ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ്.

സ്ഥാനത്ത് നിന്ന് മാറാന്‍ ട്രൂഡോയോട് ആവശ്യപ്പെടാനുള്ള കത്തില്‍ 24 എംപിമാര്‍ ഒപ്പുവച്ചതായും സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് കൊളംബിയ എംപി പാട്രിക് വെയ്ലര്‍ യോഗത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ട്രൂഡോ മത്സരിക്കേണ്ടെന്നും വിമത എംപിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത മറ്റ് ജനപ്രതിനിധികള്‍ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചതായും സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ട്രൂഡോയുടെ ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങളില്‍ കൃത്യമായ തെളിവില്ലെന്നും ട്രൂഡോ തുറന്ന് സമ്മതിച്ചിരുന്നു.

More Stories from this section

family-dental
witywide